ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയ മുൻ ചാമ്പ്യൻമാർ ആയ ലെസ്റ്റർ സിറ്റി തങ്ങളുടെ പരിശീലകൻ ആയി ഇംഗ്ലീഷ്/വെൽഷ് പരിശീലകൻ സ്റ്റീവ് കൂപ്പറിനെ നിയമിച്ചു. പ്രീമിയർ ലീഗ് പ്രൊമോഷൻ നേടി നൽകിയ എൻസോ മരെസ്ക ചെൽസിയിൽ പോയതോടെയാണ് ലെസ്റ്റർ സിറ്റി പുതിയ പരിശീലകനു ആയി ശ്രമങ്ങൾ ആരംഭിച്ചത്. നേരത്തെ മുൻ ബ്രൈറ്റൺ, ചെൽസി പരിശീലകൻ ഗ്രഹാം പോട്ടറിന് സാധ്യതകൾ കണ്ടെങ്കിലും അപ്രതീക്ഷിതമായിരുന്നു സ്റ്റീവ് കൂപ്പറിന്റെ നിയമനം.
ഇംഗ്ലണ്ട് അണ്ടർ 17 ടീമിനെ 2017 ൽ ലോക ചാമ്പ്യന്മാർ ആക്കിയതോടെയാണ് സ്റ്റീവ് കൂപ്പർ പരിശീലക രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2019 മുതൽ 2021 വരെ സ്വാൻസി സിറ്റിയെ പരിശീലിപ്പിച്ച കൂപ്പർ തുടർന്ന് നോട്ടിങ്ഹാം ഫോറസ്റ്റ് പരിശീലകനായി. തുടർന്ന് അവർക്ക് പ്രീമിയർ ലീഗ് പ്രൊമോഷൻ നേടി നൽകിയ കൂപ്പർ ആദ്യ സീസണിൽ അവരെ ലീഗിൽ നിലനിർത്തുകയും ചെയ്തു. എന്നാൽ 2023 ഡിസംബറിൽ മോശം പ്രകടനങ്ങളെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുക ആയിരുന്നു. നിലവിൽ ഒരുപാട് വലിയ ലക്ഷ്യങ്ങളും ആയി എത്തുന്ന ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ നിലനിർത്തുക എന്നത് ആവും സ്റ്റീവ് കൂപ്പറിന്റെ പ്രഥമ ലക്ഷ്യം.