ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് ഇന്ന് മൂന്നാം.സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയുടെ വെല്ലുവിളി. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ ആണ് മത്സരം അരങ്ങേറുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്.
മുൻ ലിവർപൂൾ പരിശീലകൻ കൂടിയായ ബ്രെണ്ടൻ റോഡ്‌ജെർസ് ആൻഫീൽഡിൽ മടങ്ങി എത്തുന്നു എന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഈ സീസണിൽ കരുത്ത് കാട്ടുന്ന ലെസ്റ്റർ പലരെയും അമ്പരപിച്ചാണ് ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുന്നത്. പക്ഷെ ഇന്ന് ലിവർപൂളിനെതിരെ പോയിന്റ് നേടണമെങ്കിൽ അവർക്ക് ഇതുവരെ പുറത്തെടുത്ത കളി മതിയാകില്ല. ലീഗിൽ ഇതുവരെ കളിച്ച 7 കളികളിൽ 7 ഉം ജയിച്ചാണ് ലിവർപൂളിന്റെ നിൽപ്പ്. എങ്കിലും ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ പ്രതിരോധം വരുത്തിയ പിഴവുകൾ പഠിച്ചു തന്നെയാകും ഇന്ന് ലെസ്റ്റർ എത്തുക.
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജോയൽ മാറ്റിപ്പിന് പരിക്ക് പറ്റിയെങ്കിലും താരം ഇന്ന് കളിച്ചേക്കും. നബി കെയ്റ്റയും പരിക്ക് മാറി എത്തിയത് ലിവർപൂളിന് മധ്യനിരയിൽ കൂടുതൽ ചോയ്സ് നൽകുന്നു. ലെസ്റ്റർ നിരയിൽ ജെയിംസ് മാഡിസന്റെ പരിക്ക് അവരെ അലട്ടുന്നുണ്ടെങ്കിലും താരം ഇന്ന് ആദ്യ ഇലവനിൽ കളിക്കാനാണ് സാധ്യത.