ഫ്രാങ്ക് ലമ്പാർഡിനെ പുറത്താക്കിയ ചെൽസി അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തി കഴിഞ്ഞു. മുൻ പി എസ് ജി പരിശീലകൻ തോമസ് ടൂഹൽ ആകും ചെൽസിയിലേക്ക് എത്തുക. കഴിഞ്ഞ മാസം ആയിരുന്നു പി എസ് ജി ടൂഹലിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. ലീഗിലെ മോശം പ്രകടനമാണ് ടൂഹലിനെ പുറത്താക്കാനുള്ള കാരണമായിരുന്നത്.
എന്നാൽ ചെൽസി ഉടമ അബ്രഹമോവിചിന് വലിയ പ്രതീക്ഷ തന്നെ ടൂഹലിനുണ്ട്. ജർമ്മൻ താരങ്ങളായ വെർണർ, കായ് ഹവേർട്സ് എന്നിവരെ ഫോമിൽ എത്തിക്കാൻ ജർമ്മൻ കോച്ചായ ടൂഹലിനാകും എന്ന് ചെൽസി വിശ്വസിക്കുന്നു. പി എസ് ജിയിൽ വരും മുമ്പ് ബൊറൂസിയ ഡോർട്മുണ്ടിന്റെ പരിശീലകനായിരുന്നു ടൂഹൽ.
പി എസ് ജിക്ക് ആറ് കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് ടൂഹൽ. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ പി എസ് ജിയെ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു. 127 മത്സരങ്ങളിൽ പി എസ് ജിയെ പരിശീലിപ്പിച്ച ടൂഹൽ ആകെ 20 മത്സരങ്ങളിൽ മാത്രമാണ് പരാജയം അറിഞ്ഞത്. 96 വിജയവും 11 സമനിലയുമാണ് ബാക്കി ഫലം.
ലമ്പാർഡിന് പകരക്കാരനായി എത്തുന്ന ടൂഹലിന് പി എസ് ജിയിൽ എന്ന പോലെ സൂപ്പർ സ്ക്വാഡാണ് ചെൽസിയിലും ഉള്ളത്.