പരാജയങ്ങളിലും പ്രതീക്ഷ നൽകുന്നു ഈ ലമ്പാർഡിന്റെ ചെൽസി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിൽ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു എങ്കിലും ചെൽസി ആരാധകർ പ്രതീക്ഷയിലാണ്. ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ഒരുപാട് തിരിച്ചടികളാണ് ചെൽസി നേരിട്ടത്. ആദ്യ ട്രാൻസ്ഫർ വിലക്ക് വന്നു. അതോടെ താരങ്ങളെ എടുക്കാൻ പറ്റാത്ത അവസ്ഥ ആയി. അതിനു പിന്നാലെ നല്ല പ്രതീക്ഷകൾ നൽകിയുരുന്ന പരിശീലകൻ സാരി ക്ലബ് വിട്ട് യുവന്റസിലേക്ക് പോയി. അതിനു പിറകെ ടീമിന്റെ നെടുംതൂണായ ഹസാർഡ് ക്ലബ് ഉപേക്ഷിച്ച് സ്പെയിനിലേക്ക്. പിന്നെ അവസാനം ഡിഫൻസിൽ ഇത്തിരി പരിചയസമ്പത്ത് കൈമുതലായി ഉണ്ടായിരുന്ന ഡേവിഡ് ലൂയിസും ക്ലബ് വിട്ടു.

ആരാധകർക്ക് ഇത് ഒരു കിരീടങ്ങൾ വരിക്കൂട്ടുന്ന സീസൺ ഒന്നും ആകില്ല എന്ന് ബോധ്യമുണ്ടായിരുന്നു. നിരാശയിൽ ആയിരുന്ന ചെൽസി ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത ആയിരുന്നു ക്ലബ് ഇതിഹാസം ലമ്പാർഡ് പരിശീലകനായി എത്തുന്നത്. ഡെർബിയിൽ നല്ല ഫുട്ബോൾ കളിപ്പിച്ചും വിജയങ്ങൾ നേടിയും പേരെടുത്ത ലമ്പാർഡ് ചെൽസിയിൽ എത്തിയപ്പോൾ ഇത്ര വലിയ ക്ലബിനെ പരിശീലിപ്പിക്കാനുള്ള മികവ് ലമ്പാർഡിനുണ്ടോ എന്ന സംശയം ഉണർന്നു.

ലമ്പാർഡിനെ പരിശീലക രംഗത്തെ പരിചയക്കുറവ് മാത്രമല്ല ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം ഒക്കെ പോലെ മികച്ചൊരു സ്ക്വാഡ് ചെൽസിക്ക് ഇല്ല ഇത്തവണ എന്നതും പ്രശ്നമായി. അറ്റാക്കിലും ഡിഫൻസിലും ഒക്കെ ആദ്യ ഇലവനപ്പുറം മികച്ച താരങ്ങൾ ചെൽസിയിൽ ഇല്ല. എങ്കിലും യുവതാരങ്ങൾ ഉണ്ടെന്നും അവർക്ക് ചെൽസിയെ മുന്നോട്ടു കൊണ്ടുപോകാൻ ആകുമെന്നും ലമ്പാർഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രീസീസണിൽ ചെൽസിയുടെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു. മേസൺ മൗണ്ട് എന്ന യുവതാരത്തിന്റെ പ്രകടനവും അറ്റാക്കിംഗ് ബുദ്ധിയോടുള്ള പ്രസിങും ഒക്കെ ലമ്പാർഡിന്റെ കീഴിൽ ഒരു പുതിയ ചെൽസിയെ ആണ് കാണാൻ പോകുന്നത് എന്ന സൂചനകൾ നൽകി. പ്രീസീസൺ കഴിഞ്ഞ് ആദ്യ ലീഗ് മത്സരത്തിൽ ലമ്പാർഡ് പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ. മത്സരം 4-0ന് ചെൽസി തോറ്റെങ്കിലും കളി കണ്ടവർക്ക് അറിയാം ആ സ്കോർ കളിയുടെ നേർ ചിത്രമല്ല നൽകുന്നത് എന്ന്. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെള്ളം കുടിപ്പിക്കാൻ ചെൽസിക്ക് ആയിരുന്നു. ഗോൾ പോസ്റ്റ് വില്ലനായിരുന്നില്ല എങ്കിൽ ആ കളിയുടെ ഫലം തന്നെ വേറെ ആയേനെ.

മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ് പിന്നെ നേരിട്ടത് യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിനെ. ലിവർപൂളിനെയും വിറപ്പിച്ച് നിർത്താൻ ചെൽസിക്കായി‌. 2-2 എന്ന് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ പെനാൾട്ടിയിലെ നിർഭാഗ്യമാണ് ചെൽസിയെ തോൽപ്പിച്ചത്. മോണ്ടും പുലിസിചും ടാമി എബ്രഹാമും എല്ലാം ഈ രണ്ട് പരാജയങ്ങളിൽ പ്രതീക്ഷകൾ തരുന്നു. അറ്റാക്കിലും ഡിഫൻസിലും താരങ്ങളുടെ എണ്ണം കുറവുണ്ട് എങ്കിലും യുവതാരങ്ങളിൽ ലമ്പാർഡിനുള്ള വിശ്വാസം അത് മറികടക്കാൻ സഹായിക്കും.

വില്യനും റൂദിഗറും ഒന്നും ഇല്ലാതെയാണ് ചെൽസി ആദ്യ രണ്ട് മത്സരങ്ങളും കളിച്ചത്. ലമ്പാർഡിന്റെ ഈ ടീം ഈ സീസണിൽ ടോപ് 4ൽ ഉണ്ടാകുമോ എന്നത് സംശയകരമാണ് എങ്കിലും ഈ ചെൽസി നല്ല ഫുട്ബോൾ കളിക്കും എന്ന് എല്ലാവർക്കും ഉറപ്പിച്ച് പറയാം. ലമ്പാർഡിന് അദ്ദേഹം അർഹിക്കുന്ന സമയം ചെൽസി നൽകുമെങ്കിൽ ചെൽസിയെ ചെൽസി ആക്കി മാറ്റാൻ ലമ്പാർഡിനാകും.