ചെൽസി പരിശീലകനായി ഫ്രാങ്ക് ലംപാർഡ് എത്തുന്നതോടെ എല്ലാവരും ഉറ്റ് നോക്കുന്നത് ഒരേ ഒരു കാര്യമാണ്. ചെൽസിയുടെ പ്രതിഭാസമ്പന്നരായ അക്കാദമി താരങ്ങൾക്ക് ലംപാർഡ് എത്രത്തോളം അവസരങ്ങൾ നൽകും എന്നതാണ് അത്. നിലവിൽ ചെൽസി സീനിയർ ടീമിന്റെ ഭാഗമായ റൂബൻ ലോഫ്റ്റസ് ചീക്, ഹുഡ്സൻ ഓഡോയി എന്നിവരെ കൂടാതെ മാസൻ മൗണ്ട്, ഫികയോ ടിമോറി, റ്റാമി അബ്രഹാം, റീസ് ജെയിംസ് എന്നിവരും ലംപാർഡിൽ പ്രതീക്ഷ അർപ്പിക്കുന്നു.
ഡർബിയിൽ ലംപാർഡിന് കീഴിൽ കളിച്ച ടിമോറി, മൗണ്ട് എന്നിവർ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷെ സെന്റർ ബാക്കായ തിമോറിയെ ലംപാർഡ് എങ്ങനെ ടീമിൽ ഉൾപ്പെടുത്തും എന്നത് വലിയ ചോദ്യമാണ്. നിലവിൽ ഡേവിഡ് ലൂയിസ്, റൂഡിഗർ, അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ എന്നിവരാണ് ചെൽസി സെന്റർ ബാക്കുകൾ. കൂടാതെ എവർട്ടനിൽ ലോണിൽ മികച്ച പ്രകടനം നടത്തിയ സൂമയും എത്തുന്നതോടെ മത്സരം കടുക്കും. ഒന്നോ രണ്ടോ ലോണുകൾ കൂടെ തിമോറി പോകേണ്ടി വരും എന്നതാണ് സാധ്യത.
ലോഫ്റ്റസ് ചീകിന്റെ പരിക്ക് ഒരു പക്ഷെ മൗണ്ടിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. കൂടാതെ റോസ് ബാർക്ലിയെ ലംപാർഡ് എത്രത്തോളം വിശ്വസിക്കുന്നു എന്നതും സംശയമാണ്. ടീമിൽ ഇടം നേടിയാലും ജോർജിഞ്ഞോ, കാന്റെ, കൊവാചിച് എന്നിവർ അടങ്ങിയ മധ്യനിരയിൽ ഇടം നേടാൻ താരത്തിന് ഏറെ പരിശ്രമിക്കേണ്ടി വരും.
ചെൽസി ആരാധകർ ഏറെ പ്രശംസിക്കുന്ന താരമാണ് റീസ് ജെയിംസ്. വിഗാനിൽ നടത്തിയ മിന്നും പ്രകടനം താരത്തിന് പ്രീമിയർ ലീഗിൽ അവസരം നൽകിയേക്കും. നിലവിൽ റൈറ്റ് ബാക്കിൽ കളിക്കുന്ന ആസ്പിലിക്വറ്റയെ മാറ്റി നേരെ ലംപാർഡ് ജെയിംസ് ന് അവസരം നൽകാൻ സാധ്യത ഇല്ലെങ്കിലും സപകോസ്റ്റയെ വിൽക്കാൻ ലംപാർഡ് തയ്യാറായാൽ ജെയിംസ് ന് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. ഇവർക്ക് പുറമെ ചാമ്പ്യൻഷിപ്പിൽ കിടിലൻ ഫോമിൽ കളിച്ച സ്‌ട്രൈക്കർ റ്റാമി അബ്രഹാമും ലംപാർഡിൽ പ്രതീക്ഷ വെക്കുന്നുണ്ടാകും. നിലവിൽ ജിറൂദ് മാത്രമാണ് ചെൽസിയിൽ സ്‌ട്രൈക്കർ. മിച്ചി ബാത്ശുവായി ലംപാർഡിന്റെ പദ്ധതികളിൽ ഇല്ല എങ്കിൽ അബ്രാമിന് പ്രതീക്ഷ വെക്കാവുന്നതാണ്.