ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ സൗതാമ്പ്ടണെ പരാജയപ്പെടുത്തിയതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമായി. 57 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ ഇപ്പോൾ. 63 പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് നാലാം സ്ഥാനത്ത് ഉള്ളത്. ലെസ്റ്ററിനെക്കാൽ ഒരു മത്സരം കുറവാണ് ലിവർപൂൾ കളിച്ചത്. അതുകൊണ്ട് തന്നെ ലെസ്റ്ററിലേക്ക് അടുക്കാൻ ലിവർപൂളിന് ഒരു വിജയം കൊണ്ടാകും.
ലിവർപൂളിന് പ്രതീക്ഷകൾ ഉണ്ട് എന്നും എന്നാൽ ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത ലിവർപൂളിന്റെ കയ്യിൽ അല്ല എന്നും പരിശീലകൻ ക്ലോപ്പ് പറഞ്ഞു. അവസാന നാലു മത്സരങ്ങളും വിജയിക്കൽ ആണ് തങ്ങളുടെ ലക്ഷ്യം എന്നും അവസാനം വരെ ലിവർപൂൾ ശ്രമിക്കും എന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ബ്രോം, ബേർൺലി, ക്രിസ്റ്റൽ പാലസ് എന്നിവരാണ് ലിവർപൂളിന്റെ അവശേഷിക്കുന്ന മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, സ്പർസ് എന്നിവരാണ് ലെസ്റ്ററിന്റെ എതിരാളികൾ. അതുകൊണ്ട് തന്നെ ലിവർപൂളിന് ഇപ്പോഴും വലിയ സാധ്യതകൾ ഉണ്ട്.