അവസാന രണ്ടു സീസണുകളിൽ കണ്ടതു പോലെ രണ്ട് ടീമുകൾ മാത്രമായിരിക്കില്ല ഇനി വരുന്ന സീസണിൽ പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ ഉണ്ടാവുക എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. അവസാന രണ്ടു സീസണിലും ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും മാത്രമായിരുന്നു ഒന്നാം സ്ഥാനത്തിനായി പോരാടിയത്. എന്നാൽ വരും സീസണിൽ നാലു ടീമുകൾ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഉണ്ടാകും എന്ന് ക്ലോപ്പ് പറഞ്ഞു.
സിറ്റിക്കും ലിവർപൂളിനും ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ചെൽസിയെയും ആണ് ക്ലോപ്പ് കിരീട പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സാധ്യതയും ഇല്ലാ എന്നായിരുന്നു കുറച്ചു മുമ്പെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഒന്നോ രണ്ടോ താരങ്ങൾ വന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ടീമായി മാറി എന്ന് ക്ലോപ്പ് പറഞ്ഞു. വരും സീസണിൽ അവർ കൂടുതൽ മെച്ചപ്പെടും എന്നും ക്ലോപ്പ് പറഞ്ഞു.
ചെൽസിക്കും വലിയ സാധ്യത ക്ലോപ്പ് പറയുന്നു. സിയെചിനെയും വെർണറിനെയും ഒക്കെ ചെൽസി ടീമിൽ എത്തിച്ചത് അദ്ദേഹം ചൂണ്ടികാട്ടുന്നു. എങ്കിലും ലിവർപൂൾ കിരീട പോരാട്ടത്തിൽ മുന്നിൽ തന്നെ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.