തുടർച്ചയായ തോൽവികൾക്ക് പിറകെ ലിവർപൂൾ സീസണിൽ തിരിച്ചു വരുമെന്ന പ്രഖ്യാപനവുമായി ക്ലോപ്പ്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ക്ലോപ്പ് മാധ്യമപ്രവർത്തകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്. ടീമിന്റെ അപ്രമാദിത്വം അവസാനിച്ചെന്ന് വിലയിരുത്തേണ്ട സമയം ഇതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. “ഈ ടീമിനെ ഇപ്പോൾ തന്നെ വിലയിരുത്തുന്നത് ശരിയല്ല, ചില താരങ്ങളുടെ അഭാവം തങ്ങൾ നേരിടുന്നുണ്ട്. മുൻ നിരയിൽ നിലവാരത്തകർച്ച ഉണ്ടായിട്ടുണ്ട്. മധ്യനിലയിലും ഇത് പോലെ തന്നെയാണ് കാര്യങ്ങൾ. താരങ്ങളിൽ നിന്നും കൂടുതൽ താൻ പ്രതീക്ഷിക്കുന്നു.” ക്ലോപ്പ് പറഞ്ഞു.
താൻ തളർന്നു പോയോ എന്നാണ് ആളുകൾ അന്വേഷിക്കുന്നത് എന്നും എന്നാൽ അതൊരിക്കലും ഉണ്ടാവില്ല എന്നും ക്ലോപ്പ് പറഞ്ഞു. “വിജയങ്ങളും ട്രോഫികളും നേടുമ്പോൾ മുഖം കാണിക്കുന്നത് മാത്രമല്ല തന്റെ ജോലി, ഇത്തരം കഠിനമായ സാഹചര്യങ്ങൾ കൂടി നേരിടേണ്ടതുണ്ട്. നിലവിലെ സാഹചര്യം മാറ്റി മറിക്കാൻ സീസണിൽ ടീമിന് സാധിക്കും എന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിൽ നപോളിയാണ് ലിവർപൂളിന്റെ എതിരാളികൾ.