മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ലീഗ് കപ്പ് ഫൈനലിൽ ഗ്രൗണ്ടിൽ നിന്ന് പുറത്ത് പോവാൻ വിസമ്മതിച്ച ചെൽസി ഗോൾ കീപ്പർ കെപ അരിസബാലഗയെ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ പുറത്തിരുത്തിയേക്കുമെന്ന് സൂചിപ്പിച്ച് പരിശീലകൻ സാരി. ടോട്ടൻഹാമിനെതിരായ മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിലാണ് വിവാദ ഗോൾ കീപ്പറെ പുറത്തിരുത്തിയേക്കുമെന്ന് സാരി സൂചിപ്പിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് പരിശീലകന്റെ വാക്കു കേൾക്കാതെ കെപ ഗ്രൗണ്ടിൽ തന്നെ തുടർന്നത്.
കെപയെ അടുത്ത ടോട്ടൻഹാമിനെതിരെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും ചിലപ്പോൾ കെപകളിക്കുമെന്നും ചിലപ്പോൾ കളിക്കാതിരിക്കുമെന്നും സാരി ഉത്തരം പറഞ്ഞു. കെപ വലിയ തെറ്റാണ് ചെയ്തതെന്നും അതിന്റെ അന്തരഫലം എന്തായാലും കെപ അനുഭവിക്കണമെന്നും സാരി പറഞ്ഞു. ഈ വിഷയത്തിൽ കെപ ഖേദം പ്രകടിപ്പിക്കുകയും തെറ്റിദ്ധാരണകൊണ്ടുണ്ടായതാണ് ഇതെന്ന് പറയുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ചെൽസി ഗോൾ കീപ്പർ പരിശീലകനോടും ക്ലബിനോടും സഹ താരങ്ങളോടും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പരിശീലകൻ സാരിയും പ്രശ്നങ്ങൾ സംഭവിച്ചത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറഞ്ഞിരുന്നു.