ആസ്റ്റൺ വില്ലക്കെതിരായ ചെൽസിയുടെ പ്രീമിയർ ലീഗ് മത്സരത്തിൽ എൻഗോളോ കാന്റെയും ക്രിസ്ത്യൻ പുലിസിക്കും കളിക്കില്ല. പരിക്കിനെ തുടർന്ന് ഇരു താരങ്ങളും നാളെ കളിക്കില്ലെന്ന് പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞു. അമേരിക്കൻ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോഴാണ് പുലിസിക്കിന് പരിക്കേറ്റത്. താരം 10 ദിവസത്തോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹോണ്ടുറാസിനെതിരായ അമേരിക്കയുടെ മത്സരത്തിനിടെയാണ് പുലിസിക്കിന്റെ ആംഗിളിന് പരിക്കേറ്റത്.
ഇതോടെ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല, ടോട്ടൻഹാം എന്നിവർക്കെതിരായ മത്സരവും ചാമ്പ്യൻസ് ലീഗിൽ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിനെതിരായ മത്സരവും താരത്തിന് നഷ്ട്ടമാകും. ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് എൻഗോളോ കാന്റെക്ക് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് പൂർണ്ണമായും മാറിയിട്ടില്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞു. അതെ സമയം ഈ സീസണിൽ ചെൽസിയിൽ എത്തിയ സ്ട്രൈക്കർ ലുകാകു ടീമിനൊപ്പം പരിശീലനം നടത്തിയെന്നും ചെൽസി പരിശീലകൻ പറഞ്ഞു.