പതിനെട്ടുകാരി എമ്മയും, പത്തൊമ്പതുകാരി ലൈയ്‌ലയും! യു.എസ് ഓപ്പൺ ഫൈനലിൽ വല്ലാത്തൊരു കഥ!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2021 ലെ അവസാന ഗ്രാന്റ് സ്‌ലാമിൽ വനിതകളിൽ ഫൈനൽ പോരാട്ടം ടീനേജ് താരങ്ങൾ തമ്മിൽ. 38 മാസങ്ങൾക്ക് മുമ്പ് പെൺ കുട്ടികളുടെ വിംബിൾഡൺ രണ്ടാം റൗണ്ടിൽ ജൂനിയർ ലെവലിൽ ഏറ്റുമുട്ടിയ താരങ്ങളായ എമ്മയും ലൈയ്‌ലയും യു.എസ് ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ അത് വല്ലാത്തൊരു കഥ തന്നെയാവുകയാണ്. 1999 ൽ സാക്ഷാൽ സെറീന വില്യംസിനും മാർട്ടിന ഹിംഗിസിനും ശേഷം നടക്കുന്ന ആദ്യ ടീനേജ് യു.എസ് ഓപ്പൺ ഫൈനൽ ആണ് ഇത്. യോഗ്യത കളിച്ചു യു.എസ് ഓപ്പണിൽ എത്തിയ ബ്രിട്ടീഷ് യുവ താരം എമ്മ റാഡകാനു എഴുതിയത് പുതു ചരിത്രമാണ്. യോഗ്യത കളിച്ച് ഒരു ഗ്രാന്റ് സ്‌ലാമിൽ എത്തിയ ശേഷം ഫൈനലിൽ എത്തുന്ന ആദ്യ പുരുഷ/വനിത താരമായി എമ്മ മാറി. ഇത് വരെ ഒരു സെറ്റ് പോലും തോൽക്കാതെയാണ് എമ്മയുടെ ടൂർണമെന്റിലെ അവിശ്വസനീയ കുതിപ്പ്. സെമിയിൽ ഗ്രീക്ക് താരവും 17 സീഡുമായ മരിയ സക്കാരിയെ 6-1, 6-4 എന്ന സ്കോറിന് തകർത്താണ് എമ്മ ഫൈനൽ ഉറപ്പിച്ചത്. മാസങ്ങൾക്ക് മുമ്പ് വിംബിൾഡണിൽ അരങ്ങേറുമ്പോൾ ആരുമായും അറിയാതിരുന്നിടത്ത് നിന്നു ബ്രിട്ടീഷ് ഒന്നാം നമ്പറിലേക്കുള്ള റാങ്കിംഗിലേക്കുള്ള എമ്മയുടെ കുതിപ്പ് അത് വല്ലാത്തൊരു കഥ തന്നെയാണ്. തന്റെ നാലാമത്തെ മാത്രം സീനിയർ ടൂർ ലെവൽ മത്സരം കളിക്കുന്ന, രണ്ടാമത്തെ മാത്രം ഗ്രാന്റ് സ്‌ലാം കളിക്കുന്ന എമ്മ 53 വർഷങ്ങൾക്ക് ശേഷം വിർജീനിയ വേഡിനു ശേഷം യു.എസ് ഓപ്പൺ ഫൈനൽ കളിക്കുന്ന ബ്രിട്ടീഷ് താരമാണ്, ഒപ്പം ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിക്കുന്ന നാലാമത്തെ മാത്രം ബ്രിട്ടീഷ് വനിത താരവും.

വിംബിൾഡണിൽ നാലാം റൗണ്ട് വരെയെത്തി ഞെട്ടിച്ച എമ്മയുടെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്ക് പോലും 150 ആണെന്ന് അറിയുമ്പോൾ ആണ് എമ്മ എഴുതുന്ന പുതു ചരിത്രത്തിന്റെ വലിപ്പം മനസ്സിലാവുക. കാനഡയിലെ ടോറന്റോയിൽ റൊമാനിയൻ വംശജനായ അച്ഛനും ചൈനീസ് വംശജയായ അമ്മക്കും 2002 നവംബർ 13 നു ആണ് എമ്മ ജനിക്കുന്നത്. തനിക്ക് രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾക്ക് ഒപ്പമാണ് എമ്മ ഇംഗ്ലണ്ടിൽ എത്തുന്നത്. തുടർന്ന് ഇംഗ്ലണ്ട് തന്നെയായി എമ്മയുടെ വീട്. തന്റെ പാരമ്പര്യം മുറുകെ പിടിക്കുന്ന എമ്മ തന്റെ മാതൃകയായി ടെന്നീസ് ലോകത്ത് കാണുന്ന താരങ്ങൾ റൊമാനിയൻ താരമായ സിമോണ ഹാലപ്പും, ചൈനീസ് താരമായ ലി നായും ആണ്. അഞ്ചാം വയസ്സ് മുതൽ ടെന്നിസ് കളിച്ചു തുടങ്ങുന്ന എമ്മ ജൂനിയർ മത്സരങ്ങളിലൂടെ ശ്രദ്ധ നേടാൻ തുടങ്ങി. 2021 ൽ നോട്ടിഗ്ഹാം ഓപ്പണിലൂടെ സീനിയർ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന എമ്മ ആ വർഷം വിംബിൾഡണിൽ വൈൽഡ് കാർഡ് ആയി എത്തി ഞെട്ടിക്കുന്നത് ടെന്നീസ് ലോകത്തെ ഒന്നടങ്കം ആണ്. 18 വയസ്സും 239 ദിവസവും പ്രായമുള്ളപ്പോൾ വിംബിൾഡൺ നാലാം റൗണ്ടിൽ എത്തി എമ്മ പഴയ കഥയാക്കിയത് ബ്രിട്ടീഷ് റെക്കോർഡുകൾ എല്ലാം ആയിരുന്നു. തുടർന്ന് ഡബ്യു.ടി.എ ടൂർണമെന്റുകളിലെ പ്രകടനം 150 റാങ്ക് എന്ന കരിയറിലെ ഏറ്റവും മികച്ച റാങ്കിങിൽ എത്തിക്കുന്ന എമ്മ യോഗ്യതയിൽ മൂന്നു മത്സരം ജയിച്ചാണ് യു.എസ് ഓപ്പണിലേക്ക് യോഗ്യത നേടുന്നത്. അതിനു ശേഷം ലോകം വായും പൊളിച്ചു കണ്ടിരുന്നത് എമ്മയുടെ അവിശ്വസനീയ കുതിപ്പ് ആണ്. ഷെൽബി റോജേഴ്‌സ്, ബലിന്ത ബെനചിച്, മരിയ സക്കാരി തുടങ്ങിയ പ്രമുഖരെ ഇതിനിടയിൽ മറികടന്ന എമ്മ ഒരു സെറ്റ് പോലും ഇത് വരെ വഴങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ലൈയ്‌ലക്ക് ശേഷം 2002 ൽ ജനിച്ച രണ്ടാമത്തെ മാത്രം യു.എസ് ഓപ്പൺ ഫൈനലിസ്റ്റ് കൂടിയാണ് എമ്മ.

മറുവശത്ത് ലൈയ്‌ല ആനി ഫെർണാണ്ടസ് എന്ന കനേഡിയൻ യുവതാരവും എഴുതുന്ന പുതു ചരിത്രവും എമ്മക്ക് സമാനമാണ്. സെപ്റ്റംബർ ആറിന് മാത്രം 19 വയസ്സ് തികഞ്ഞ ലോക 73 റാങ്കുകാരിയായ ലൈയ്‌ല യു.എസ് ഓപ്പൺ ഫൈനലിൽ എത്താൻ തോൽപ്പിച്ച താരങ്ങളുടെ പേരു മാത്രം മതി താരത്തിന്റെ വലിപ്പം എന്താണ് എന്ന് മനസ്സിലാക്കാൻ. ലൈയ്‌ലയുടെ ഇടതു കയ്യൻ പ്രകടനത്തിന് മുന്നിൽ മൂന്നാം റൗണ്ടിൽ വീണത് നിലവിലെ ജേതാവും മുൻ ലോക ഒന്നാം നമ്പർ താരവുമായ സാക്ഷാൽ നയോമി ഒസാക്ക, നാലാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പറും മുൻ വിംബിൾഡൺ ജേതാവും ആയ ആഞ്ചലി കെർബർ, ക്വാർട്ടറിൽ അഞ്ചാം സീഡ് ആയ എലീന സ്വിറ്റോലീന. ഒടുവിൽ സെമിഫൈനലിൽ രണ്ടാം സീഡ് ആയ ആര്യാന സബലങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ഫൈനലിലും. ആദ്യ സെറ്റിൽ ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ 7-6, 4-6, 6-4 എന്ന സ്കോറിന് ആയിരുന്നു ലൈയ്‌ലയുടെ ജയം. ഇതോടെ 2002 ൽ ജനിക്കുന്ന ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിസ്റ്റ് കൂടിയായി ലൈയ്‌ല. സാക്ഷാൽ സെറീന വില്യംസിന് ശേഷം ആദ്യ അഞ്ച് റാങ്കിങിലുള്ള 2 താരങ്ങളെ തോൽപ്പിച്ച ലൈയ്‌ല തുടർന്ന് അത് മൂന്നാക്കി മാറ്റുകയും ചെയ്തു സെമിഫൈനൽ ജയത്തോടെ.

2002 സെപ്റ്റംബർ 6 നു ഇക്വഡോർ വംശജനായ മുൻ ഫുട്‌ബോൾ താരമായ ഹോർജെക്കും കനേഡിയൻ സിറ്റിസൻ ആയ ഫിലിപ്പീൻസ് വംശജയായ അമ്മക്കും ആണ് ലൈയ്‌ല ജനിക്കുന്നത്. ചെറുപ്പത്തിൽ ടെന്നീസ് കളിച്ചു തുടങ്ങിയ ലൈയ്‌ല 2019 ൽ പെൺ കുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്നുണ്ട്, ആ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാമത് ആവാനും ലൈയ്‌ലക്ക് ആവുന്നുണ്ട്. 2019 തന്റെ സീനിയർ കരിയർ ആരംഭിക്കുന്ന ലൈയ്‌ല 2020 ൽ ഓസ്‌ട്രേലിയൻ ഓപ്പണിലൂടെ ഗ്രാന്റ് സ്‌ലാമിലും അരങ്ങേറ്റം കുറിക്കുന്നു. തുടർന്ന് ആ വർഷം ഫ്രഞ്ച് ഓപ്പണിൽ മൂന്നാം റൗണ്ടിൽ എത്താനും ലൈയ്‌ലക്ക് ആവുന്നു. 2021 ൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്ത് ആയ ലൈയ്‌ല മാർച്ചിൽ മോണ്ടറി ഓപ്പണിലൂടെ തന്റെ ആദ്യ ഡബ്യു. ടി.എ കിരീടവും നേടുന്നുണ്ട്. തുടർന്നാണ് അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന യു.എസ് ഓപ്പൺ പ്രകടനത്തിലൂടെ ഫൈനൽ യോഗ്യത നേടി ലൈയ്‌ല ലോകത്തെ ഞെട്ടിക്കുന്നത്. ഇത് വരെ 66 റാങ്ക് എന്ന ഏറ്റവും ഉയർന്ന റാങ്കിങ് നേടിയ ലൈയ്‌ല ഡബിൾസിലും ശക്തമായ സാന്നിധ്യമാണ്. 2019 ൽ തന്റെ നാട്ടുകാരിയായ ബിയാങ്ക ആന്ദ്രീസ്കു യു.എസ് ഓപ്പൺ കിരീടം നേടി ചരിത്രം സൃഷ്ടിച്ചത് ആവർത്തിക്കാൻ ആവും ലൈയ്‌ലയുടെ ശ്രമം അതേസമയം പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ബ്രിട്ടീഷ് പുതു ചരിത്രം എഴുതുക ആവും എമ്മയുടെ പരിശ്രമം. ലോകത്ത് അഭയാർത്ഥികൾ ആവുന്നവരുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോവുന്നവരുടെ പ്രതീകം കൂടിയാവുന്നുണ്ട് ഇരുവരും. വെറും 2 മാസത്തെ വ്യത്യാസമുള്ള ടീനേജ് പെൺ കുട്ടികളിൽ ആരു ന്യൂയോർക്കിലെ ചരിത്രം ഉറങ്ങുന്ന ആർതർ ആഷെ മൈതാനത്ത് കിരീടം ഉയർത്തിയാലും അത് വല്ലാത്തൊരു കഥയായി ചരിത്രം അടയാളപ്പെടുത്തും എന്നുറപ്പാണ്. നമുക്ക് കാത്തിരിക്കാം ആ ചരിത്ര ഫൈനലിനായി.