ഈ സീസണോടെ ടോട്ടൻഹാം വിടാൻ ഉറപ്പിച്ച ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ ടോട്ടനവുമയി പുതിയ കരാർ ചർച്ചകൾക്ക് ഇല്ല എന്ന് വ്യക്തമാക്കി. കെയ്നിന് വേതനം കൂട്ടി നൽകിക്കൊണ്ട് ക്ലബിൽ നിലനിർത്താൻ ആകുമോ എന്നാണ് സ്പർസ് ഉടമകൾ നോകുന്നത്. എന്നാൽ ഒരു കരാർ ചർച്ചയ്ക്കും താൻ ഇല്ല എന്ന് കെയ്ൻ അറിയിച്ചു. ഹാരി കെയ്ന് ഇനിയും രണ്ടു വർഷത്തിലേറെ സ്പർസിൽ കരാർ ബാക്കിയുണ്ട്.
ടീമിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തതാണ് 27കാരനയ താരം ക്ലബ് വിടാൻ കാരണം. ഈ സീസണിൽ തന്നെ വിൽക്കണം എന്നാണ് ക്ലബിനോട് താരം പറയുന്നത്. യൂറോ കപ്പ് ആരംഭിക്കും മുമ്പ് തന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണം എന്ന് സ്പർസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കെയ്ൻ. അവസാന കുറച്ചു വർഷങ്ങളായി ടോട്ടൻഹാം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ. പന്ത്രണ്ടു വർഷത്തോളമായി കെയ്ൻ സ്പർസിനൊപ്പം ഉണ്ട്. 336 മത്സരങ്ങൾ സ്പർസ് ജേഴ്സിയിൽ കളിച്ച കെയ്ൻ 221 ഗോളുകൾ ഇതുവരെ ക്ലബിനായി സ്കോർ ചെയ്തു. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ ഒരുക്കമാണ്. സ്പർസ് വിട്ടാലും ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് കെയ്ൻ ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നിവരൊക്കെ കെയ്നിനെ സ്വന്തമാക്കാൻ ആഗ്രഹമുള്ള ക്ലബുകളാണ്.