ജർമ്മൻ യുവതാരം കായ് ഹവേർട്സിനായി തങ്ങൾ ഇതുവരെ ശ്രമം നടത്തിയിട്ടില്ല എന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. ടിമൊ വെർണറിനു പിന്നാലെ ഹവേർട്സിനെയും ചെൽസി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വേറെ ഒരു ക്ലബിന്റെ താരത്തെ കുറിച്ച് സംസാരിക്കാൻ ആകില്ല എന്ന് ലമ്പാർഡ് പറഞ്ഞു.
ഹാവേർട്സ് മികച്ച താരമാണെന്നും എന്നാൽ ചെൽസി ഇതു വരെ താരത്തിനായി ബിഡ് ചെയ്തിട്ടില്ല എന്നും ലമ്പാർഡ് പറഞ്ഞു. യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഒക്കെ ഹവേർടിനു പിറകിലുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇറ്റാലിയൻ ക്ലബായ യുവന്റസ്, ലാലിഗ ക്ലബായ ബാഴ്സലോണ എന്നിവർ എല്ലാം ഇപ്പോൾ ഹവേർട്സിനെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ട്. 20കാരനായ താരം ബയേർ ലെവർകൂസന് വേണ്ടി കാഴ്ചവെക്കുന്ന മികച്ച പ്രകടനങ്ങളാണ് താരത്തിനെ യൂറോപ്യൻ വമ്പന്മാരുടെ ശ്രദ്ധയിൽ എത്തിച്ചത്.
ലെവർകൂസന്റെ അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ് ഹവേർട്സ്. താരത്തെ വിൽക്കണം എങ്കിൽ നൂറു മില്യണിൽ കൂടുതൽ ആണ് ലെവർകൂസൻ ആവശ്യപ്പെടുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കുന്ന താരം ഇതിനകം തന്നെ ജർമ്മൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.