മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ താരങ്ങളെ ടീമിൽ എത്തിക്കാത്തതിൽ തന്റെ നിരാശ അറിയിച്ച് പരിശീലകൻ മൗറീനോ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3 താരങ്ങളെ ഇതുവരെ ടീമിൽ എത്തിച്ചിട്ടുണ്ട് എങ്കിലും അതിൽ ഫ്രെഡ് മാത്രമെ ആദ്യ ഇലവനിൽ എത്താൻ മികവുള്ള താരമുള്ളൂ. ഇതാണ് മൗറീനോയെ നിരാശയിലാക്കിയിരിക്കുന്നത്. മൂന്നാം ഗോൾകീപ്പറായ ലീ ഗ്രാന്റിന്റും റൈറ്റ് ബാക്കായ യുവതാരം ഡാലോറ്റും ആണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയത് മറ്റു രണ്ടു താരങ്ങൾ.
താൻ ക്ലബിന് അഞ്ചു താരങ്ങളുടെ ലിസ്റ്റ് മാസങ്ങൾക്ക് മുമ്പ് കൊടുത്തിരുന്നു എന്ന് മൗറീനോ പറഞ്ഞു. ഇനി 2 താരങ്ങളെയെങ്കിലും എത്തിക്കണം ടീമിൽ എന്നാണ് തന്റെ ആഗ്രഹം. ഒന്നെങ്കിലും നടക്കേണ്ടതുണ്ട് എന്നും മൗറീനോ പറഞ്ഞു. ഇത്തവണ ലീഗ് ആരംഭിക്കുമ്പോൾ തന്നെ ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ വിൻഡോ അടക്കും. അതുകൊണ്ട് ഓഗസ്റ്റ് ഒമ്പതു വരെ മാത്രമെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ കഴിയൂ.
അവസാന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിഷമിച്ച ലെഫ്റ്റ് ബാക്ക് പൊസിഷനിലും സെന്റർ ബാക്ക് പൊസിഷനിലും ഒപ്പം റൈറ്റ് വിങ്ങിലും ഇതുവരെ മികച്ച താരങ്ങളെ കണ്ടെത്താൻ യുണൈറ്റഡിനായിട്ടില്ല. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഒക്കെ താരങ്ങളെ എത്തിച്ച് ടീം കൂടുതൽ ശക്തമാക്കുമ്പോഴാണ് യുണൈറ്റഡിന്റെ ഈ അവസ്ഥ. ഇന്ന് പുലർച്ചെ നടന്ന പ്രീ സീസൺ മത്സരത്തിൽ ലിവർപൂളിനെതിരെ 4-1ന്റെ വൻ പരാജയം യുണൈറ്റഡ് നേരിട്ടിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial