ആഴ്‌സണൽ ഇതിഹാസതാരവും ഇൻവിൻസിബിൾസ് ടീം അംഗവുമായ നിലവിലെ ആഴ്‌സണൽ പരിശീലകൻ ഫ്രഡി ലൂമ്പർഗിനെ പ്രകീർത്തിച്ചു ആഴ്‌സണൽ യുവതാരം ജോ വില്ലോക്ക്. ഈ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലും ആദ്യ പതിനൊന്നിൽ ഇറങ്ങിയ വില്ലോക്കിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. 2 ദിവസം മുമ്പ് 20 വയസ്സ് പൂർത്തിയായ താരത്തിന്റെ പ്രകടനത്തിൽ വലിയ സംതൃപ്തിയാണ് പരിശീലകൻ ഉനയ് എമറെയും രേഖപ്പെടുത്തിയത്. ആഴ്‌സണൽ യുവാടീമിലെ മികച്ച പ്രകടങ്ങൾ ആണ് ആഴ്സ്നെ വെങറുടെ അവസാനസീസണിൽ പ്രീമിയർ ലീഗിൽ അരങ്ങേറാനുള്ള അവസരം വില്ലോക്കിന് നല്കിയത്. എന്നാൽ ആ സീസൺ അത്ര വലിയ അവസരങ്ങൾ ഒന്നും വില്ലോക്കിന് തുടർന്നു ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ സീസണുകളിൽ അണ്ടർ 23 ആഴ്‌സണൽ ടീമിനായി ഫ്രഡി ലൂമ്പർഗിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ മധ്യനിര താരമായ വിലോക്ക് കഴിഞ്ഞ സീസണിൽ 20 കളികളിൽ നിന്ന് നേടിയത് 12 ഗോളുകൾ ആയിരുന്നു.
ഈ പ്രകടനം വില്ലോക്കിനു സീനിയർ ടീമിലേക്കുള്ള വാതിൽ തുറന്നപ്പോൾ പരിശീലകനായുള്ള മികച്ച പ്രകടനം ലൂമ്പർഗിനും സ്ഥാനക്കയറ്റം നൽകി. മുമ്പ് സഹപരിശീലകനായ സ്റ്റീവ് ബോൾഡ് അണ്ടർ 23 ടീമിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ഫ്രഡി സീനിയർ ടീമിന്റെ സഹപരിശീലകനായി. സീനിയർ ടീമിൽ ഫ്രഡിയുടെ സാന്നിധ്യം തനിക്ക് വലിയ പിന്തുണയാണെന്നു പറഞ്ഞ വില്ലോക്ക് ഫ്രഡി ക്ലബ് ഇതിഹാസം മാത്രമല്ല മികച്ച പരിശീലകനും മാനേജറും ആണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷങ്ങളിൽ പരിശീലനത്തിൽ ഓരോ ദിവസവും താൻ ഫ്രഡിയിൽ നിന്നു പുതിയ കാര്യങ്ങൾ പഠിക്കുകയാണെന്ന് പറഞ്ഞ വില്ലോക്ക് തന്നെ കൂടുതൽ മെച്ചപ്പെട്ട താരമാക്കുന്നതിൽ ഫ്രഡിക്കുള്ള വലിയ പങ്ക് എടുത്തു പറഞ്ഞു.
6 വയസ്സ് മുതൽ ആഴ്‌സണൽ അക്കാദമിയിലുള്ള വില്ലോക്ക് വലിയ ഭാവിയുള്ള താരമായാണ് വിലയിരുത്തപ്പെടുന്നത്. മധ്യനിരയിൽ നമ്പർ 10 നായും അറ്റാക്കിങ് മിഡ്ഫീൽഡർ ആയും കളിക്കാൻ വില്ലോക്കിന് സാധിക്കും. ഈ വർഷം വില്ലോക്കിനെ സ്വന്തമാക്കാൻ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിച്ച് ശ്രമിച്ചെങ്കിലും ആഴ്‌സണൽ താരത്തെ വിട്ടകൊടുക്കാൻ തയ്യാറായില്ല. ആഴ്‌സണലിൽ തുടരാൻ തന്നെയാണ് വില്ലോക്കിനും താല്പര്യം. ഈ വർഷം അക്കാദമിയിൽ നിന്നു വളർന്ന അലക്‌സ് ഇയോബിയെ ആഴ്‌സണൽ എവർട്ടനു വിറ്റെങ്കിലും വില്ലോക്കിനൊപ്പം നൈൽസ്, നെൽസൺ തുടങ്ങിയ യുവതാരങ്ങളും എമറെയുടെ ആദ്യ പതിനൊന്നിൽ ആദ്യ രണ്ട് കളികളിൽ ഇടം നേടിയിരുന്നു. യുവതാരങ്ങൾക്ക് അവസരം നൽകുന്ന എമറെക്ക് കീഴിൽ വില്ലോക്കിൽ നിന്ന് കൂടുതൽ വലിയ പ്രകടനങ്ങളാണ് ആഴ്‌സണൽ ആരാധകർ പ്രതീക്ഷിക്കുന്നത്. ഒപ്പം ക്ലബ് ഇതിഹാസം ഫ്രഡി ലൂമ്പർഗിന്റെ ടീമിലെ സാന്നിധ്യം താരങ്ങൾക്ക് വലിയ പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല.