മുൻ ലിവർപൂൾ താരം സ്റ്റുറിഡ്ജ് ഇനി തുർക്കിയിൽ

മുൻ ലിവർപൂൾ സ്ട്രൈക്കർ ഡാനിയൽ സ്റ്റുറിഡ്ജ് ഇനി തുർക്കിയിൽ കളിക്കും. തുർക്കിഷ് ക്ലബായ ട്രാബ്സോൻസ്പോർ ആണ് സ്റ്റുറിഡ്ജിനെ സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണോടെ ലിവർപൂളിലെ കരാർ അവസാനിച്ച താരം ക്ലബ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സ്റ്റുറിഡ്ജിനെ മൂന്ന് വർഷത്തെ കരാറിലാണ് ട്രാബ്സോൻസ്പോർ സ്വന്തമാക്കിയിരിക്കുന്നത്.

29കാരനായ സ്ട്രൈക്കറിനു വേണ്ടി ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട് അടക്കം രംഗത്ത് ഉണ്ടായിരുന്നു. ലിവർപൂളിനായി 160 മത്സരങ്ങൾ കളിച്ചിട്ടുഅ സ്റ്റുറിഡ്ജ് 67 ഗോളുകൾ നേടിയിട്ടുണ്ട്. 2013ൽ ചെൽസിയിൽ നിന്നായിരുന്നു സ്റ്റുറിഡ്ജ് ലിവർപൂളിൽ എത്തിയത്. സ്ഥിരം പരിക്ക് അലട്ടിയത് സ്റ്റുറിഡ്ജിന്റെ കരിയറിനെ എപ്പോഴും ശല്യപ്പെടുത്തിയിരുന്നു.