ജോ കോൾ വിരമിച്ചു

- Advertisement -

ചെൽസിയുടെ മുൻ താരം ജോ കോൾ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 20 വർഷത്തോളം നീണ്ട കരിയറിനാണ്‌ ഈ മുൻ ഇംഗ്ലണ്ട് ദേശീയ താരം അവസാനം കുറിച്ചത്. മധ്യനിര താരമായ കോളിന് പക്ഷെ കരിയറിൽ പല ഘട്ടങ്ങളിൽ ഉണ്ടായ പരിക്കുകൾ കാരണം തന്റെ പ്രതിഭയുടെ പൂർണ്ണത നേടാനായിരുന്നില്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം, ലിവർപൂൾ, ആസ്റ്റൻ വില്ല ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ടെങ്കിലും കരിയറിലെ നല്ല കാലവും താരം ചെൽസിക്ക് ഒപ്പമായിരുന്നു. വെസ്റ്റ് ഹാമിന്റെ അക്കാദമി വഴി വളർന്ന താരം 2003 ൽ ക്ലാഡിയോ റനിയേറി ചെൽസി പരിശീലകനായി ഇരിക്കെയാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്. 2011 വരെ ചെൽസിക്കായി കളിച്ച താരം അവർക്കൊപ്പം 3 ഇംഗ്ലീഷ് പ്രീമിയർ ലീഗ്, 2 എഫ് എ കപ്പ് കിരീടങ്ങളും സ്വന്തമാക്കി. 2011 മുതൽ 2013 വരെ ലിവർപൂളിനായി കളിച്ചെങ്കിലും നിരന്തരമായ പരിക്കുകൾ കാരണം കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. പിന്നീട് ഒരു വർഷം പഴയ ക്ലബ്ബായ വെസ്റ്റ് ഹാമിലും 2 വർഷം ആസ്റ്റൻ വില്ലയിലും കളിച്ചു. 2016 മുതൽ 2018 വരെ അമേരിക്കൻ ക്ലബ്ബായ ടെമ്പ ബേ റൗഡിസിന് വേണ്ടിയാണ് താരം കളിച്ചത്.

2001 മുതൽ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടിയും താരം ബൂട്ട് കെട്ടി. 56 മത്സരങ്ങൾ അവർക്കായി കളിച്ച താരം 10 ഗോളുകളും നേടി.

Advertisement