ഹെഡറുകളുമായി സ്‌പെയിൻ! ആദ്യ മിനിറ്റിൽ പിറകിൽ പിന്നീട് അലക്സിയ പുതിയസിനെ സാക്ഷിയാക്കി സ്പാനിഷ് ഷോ!

Wasim Akram

Screenshot 20220708 235854 01
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത യൂറോയിൽ ആദ്യ മത്സരത്തിൽ ഫിൻലന്റിനെ തകർത്തു സ്‌പെയിൻ. യൂറോ തുടങ്ങുന്നതിനു തൊട്ടു മുമ്പ് പരിക്ക് മൂലം നഷ്ടമായ സൂപ്പർ താരവും ക്യാപ്റ്റനും ആയ അലക്സിയ പുതിയസിനെ സാക്ഷിയാക്കി ആയിരുന്നു യൂറോ നേടാൻ ഏറെ സാധ്യത കൽപ്പിക്കുന്ന സ്‌പെയിനിന്റെ പ്രകടനം. പുതിയസിനു ആദരവ് അർപ്പിച്ചു ആണ് സ്പാനിഷ് ടീം മത്സരത്തിന് ഇറങ്ങിയത്. എന്നാൽ ആദ്യ മിനിറ്റിൽ തന്നെ റാങ്കിംഗിൽ ഏറെ പിറകിലുള്ള ഫിൻലന്റ് അവരെ ഞെട്ടിച്ചു. ഒന്നാം മിനിറ്റിൽ തന്നെ വെസ്റ്റർലുണ്ടിന്റെ ലോങ് ബോൾ ഓടിയെടുത്ത ലിന്റ സാൽസ്‌ട്രോം സ്പാനിഷ് പ്രതിരോധവും ഗോൾ കീപ്പറേയും മറികടന്നു ഫിൻലന്റിന് മുൻതൂക്കം സമ്മാനിച്ചു. ഇടക്ക് സ്‌പെയിൻ സമനില കണ്ടതിയെന്നു തോന്നിയെങ്കിലും പന്ത് അതിനു മുമ്പ് കളത്തിന് പുറത്ത് പോയതിനാൽ ഗോൾ അനുവദിച്ചില്ല.

26 മത്തെ മിനിറ്റിൽ സ്‌പെയിൻ അർഹിച്ച സമനില ഗോൾ പിറന്നു. മറിയോണ കാൾഡന്റിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ക്യാപ്റ്റൻ ഐറീൻ പാർഡസ് സ്പെയിനിന് സമനില ഗോൾ നൽകി. പാർഡസ് രാജ്യത്തിനു ആയി നേടുന്ന പത്താം ഗോൾ ആയിരുന്നു ഇത്, അതിൽ നാലാം തവണയാണ് താരം ഫിൻലന്റിന് എതിരെ ഗോൾ നേടുന്നത്. ആദ്യ പകുതി അവസാനിക്കുന്നതിനു നാലു മിനിറ്റിനു മുമ്പ് മാപി ലിയോണിന്റെ ക്രോസിൽ നിന്നു മറ്റൊരു അതുഗ്രൻ ഹെഡറിലൂടെ അയിറ്റാന ബോൺമാറ്റി സ്പെയിനിനെ മുന്നിൽ എത്തിച്ചു. ഗോൾ തന്റെ സുഹൃത്ത് ആയ പുതിയസിനു ആണ് താരം സമർപ്പിച്ചത്. രണ്ടാം പകുതിയിൽ ഫിന്നിഷ് ഗോൾ കീപ്പറുടെ മികച്ച രക്ഷപ്പെടുത്തലുകൾ ആണ് അവരെ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നു തടഞ്ഞത്.

Screenshot 20220708 235902 01

75 മത്തെ മിനിറ്റിൽ മാപി ലിയോണിന്റെ മികച്ച ക്രോസിൽ നിന്നു ലൂസിയ ഗാർസിയ മറ്റൊരു അതുഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയപ്പോൾ പക്ഷെ ഫിന്നിഷ് ഗോൾ കീപ്പർ കോർപെല കാഴ്ചക്കാരിയായി. മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് പ്രതിരോധ താരം പിക്കുജമ്സ പകരക്കാരിയായി ഇറങ്ങിയ മാർത്ത കാർഡോണയെ ബോക്‌സിൽ വീഴ്ത്തിയതോടെ സ്പെയിനിന് അനുകൂലമായി പെനാൽട്ടിയും ലഭിച്ചു. മികച്ച ഒരു പെനാൽട്ടിയിലൂടെ മറിയോണ കാൾഡന്റി സ്പാനിഷ് ജയം ഉറപ്പിക്കുക ആയിരുന്നു. പുതിയസിന്റെ അഭാവത്തിലും ആദ്യം ഗോൾ വഴങ്ങിയ ശേഷം നാലു ഗോളുകൾ തിരിച്ചടിച്ച സ്പാനിഷ് പ്രകടനം എതിരാളികൾക്ക് വലിയ വെല്ലുവിളി ആണ്. 60,000 ത്തിന് മുകളിൽ റെക്കോർഡ് കാണികൾക്ക് മുന്നിൽ ആയിരുന്നു മത്സരം നടന്നത്. വനിത യൂറോ മത്സരത്തിൽ ആതിഥേയർ കളിക്കാത്തപ്പോൾ എത്തിയ റെക്കോർഡ് കാണികൾ ആണ് ഇത്. ഗ്രൂപ്പ് ബിയിൽ ഡെന്മാർക്ക്, ജർമ്മനി എന്നിവരെ ആണ് ഇനി സ്പെയിനിന് നേരിടേണ്ടത്.