മുഖ്യ പരിശീലകൻ ഹാവി ഗ്രാഷിയയെ ലീഡ്സ് യുനൈറ്റഡ് പുറത്താക്കിയേക്കും എന്ന് സൂചനകൾ. കഴിഞ്ഞ ദിവസം ടീമിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായും കോച്ചുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം ഉടനെ തീരുമാനം ഉണ്ടായേക്കും എന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇംഗ്ലണ്ട് പരിശീലകൻ കൂടിയായ സാം അല്ലർഡിസെയുടെ പേരാണ് പകരക്കാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ളതെന്നും റോമാനോ സൂചിപ്പിക്കുന്നു. ഇതോടെ വെറും രണ്ടു മാസത്തോളം നീണ്ട ഹാവി ഗ്രാഷിയയുടെ ലീഡ്സ് വാസത്തിനാണ് അന്ത്യമാകുന്നത്. വെസ്റ്റ്ഹാം അടക്കം നിരവധി ഇംഗ്ലീഷ് ടീമുകളെ പരിശീലിപ്പിച്ച മാനേജർ ആണ് അല്ലർഡിസെ.
മുൻ ലെപ്സിഗ് പരിശീലകൻ ആയിരുന്ന ജെസ്സെ മാർഷിനെ പുറത്താക്കിയ ശേഷമാണ് ഫെബ്രുവരിയിൽ ഗാർഷ്യയെ ലീഡ്സ് ചുമതല ഏൽപ്പിക്കുന്നത്. ടീമിനോടൊപ്പം മികച്ച തുടക്കം കുറിക്കാൻ അദ്ദേഹത്തിനായെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. തുടർച്ചയായ വമ്പൻ തോൽവികൾ ടീമിന് തിരിച്ചടി നൽകി. ക്രിസ്റ്റൽ പാലസിനൊട് അഞ്ചും ലിവേർപൂളിനോട് ആറും ഗോൾ വഴങ്ങിയ ലീഡ്സ് ഓരോ ഗോൾ മാത്രമാണ് ഇവർക്കെതിരെ തിരിച്ചടിച്ചത്. അവസാന മത്സരത്തിൽ ബേൺമൗത്തിനോട് ഒന്നിനെതിരെ നാല് ഗോളുകൾ കൂടി വഴങ്ങി തോറ്റതോടെയാണ് മാനേജ്‌മെന്റ് കടുത്ത നടപടികളിലേക്ക് കടക്കാൻ ഒരുങ്ങിയത്. നിലവിൽ പതിനേഴാം സ്ഥാത്തുള്ള ടീമിന് റിലെഗേഷൻ സോണിൽ നിന്നും ഒറ്റ പോയിന്റ് പോലും അകലെ അല്ല എന്നതാണ് ആധി പിടിപ്പിക്കുന്നത്. കൂടാതെ ഇനിയുള്ള നാല് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, വെസ്റ്റ് ഹാം, ടോട്ടനം എന്നിവരെയുമാണ് നേരിടാൻ ഉള്ളത്. കടുപ്പമേറിയ ഷെഡ്യൂളിൽ പുതിയ മാനേജറെ കൊണ്ടുവാരാൻ ടീം ഉറപ്പിച്ചാൽ ഗാർഷ്യക്ക് പുറത്തെക്കുള്ള വഴിയൊരുങ്ങും.