ടോട്ടനം താരം ഐവാൻ പെരിസിച്ച് പരിക്കുമായി പുറത്ത്. താരത്തിന്റെ വലത് കാൽമുട്ടിനാണ് എസിഎൽ ഇഞ്ചുറി സംഭവിച്ചതെന്ന് ക്ലബ്ബ് അറിയിച്ചു. ടീമിന്റെ പരിശീലനത്തിനിടെയായിരുന്നു
ഇത്. താരത്തിന് സീസണിന്റെ ബാക്കി ഭാഗം നഷ്ടമായേക്കും എന്നും ടോട്ടനം അറിയിച്ചു. പെരിസിച്ച് ഉടൻ തന്നെ ശസ്‌ത്രക്രിയക്ക് വിധേയനാകും. ഇതിന് ശേഷം മാത്രമേ താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള കൃത്യമായ സൂചനകൾ ലഭിക്കുകയുള്ളൂ.
ക്രൊയേഷ്യൻ താരത്തിന്റെ പരിക്ക് ടോട്ടനത്തിന് ചെറുതല്ലാത്ത തിരിച്ചടി നൽകും. ടീമിന്റെ ഇതുവരെയുള്ള എല്ലാ പ്രിമിയർ ലീഗ് മത്സരങ്ങളിലും പോസ്റ്റെകൊഗ്ലു താരത്തിന് അവസരവും നൽകി. പകരക്കാരനായി ആയിട്ടാണെങ്കിലും കളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കുന്ന താരമാണ് പെരിസിച്ച്. ഷെഫിൽഡിനെതിരെ തകർപ്പൻ തിരിച്ചു വരവ് നടത്തിയ മത്സരത്തിൽ അസിസ്റ്റുമായി താരം ഇത് ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു. ഇതോടെ ഈ റോളിലേക്ക് മറ്റു താരങ്ങളെ ടോട്ടനം ആശ്രയ്ക്കേണ്ടി വരുമെന്ന് ഉറപ്പായി. അടുത്ത വർഷം യൂറോ കപ്പും ഉള്ളതിനാൽ അതിനു മുന്നേ കളത്തിലേക്ക് തിരിച്ചു വരാൻ ആവും പെരിസിച്ച് ഉന്നം വെക്കുന്നത്.