കാസ്പർ ഷിമൈക്കിളിന്റെ അഭാവം: ലെസ്റ്റർ സിറ്റിയുടെ തകർച്ചക്ക് വഴി വച്ചോ?

rashimc

20220908 182140
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ലെസ്റ്റർ സിറ്റി ക്യാപ്റ്റൻ ഷിമൈക്കിളിന്റെ അഭാവത്തിൽ സീസൺ തുടങ്ങിയ ലെസ്റ്റർ ഇതുവരെ പ്രീമിയർ ലീഗിൽ ഒരു കളിയിൽ പോലും ജയം നേടിയിട്ടില്ല . താരത്തിന്റെ വിടവ് നികത്താൻ നിലവിൽ ഗോൾ വല കാക്കുന്ന ഡാനി വാർഡിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. 6 മത്സരങ്ങൾ അവസാനിച്ചപ്പോൾ 16 ഗോളുകളാണ് ലെസ്റ്റർ വഴങ്ങിയത്. വിഖ്യാതമായ 2016 ലെ പ്രീമിയർ ലീഗ് വിജയത്തിന് ശേഷം ടീമിലെ മിക്ക അംഗങ്ങളും കൂടുമാറിയപ്പോൾ തന്റെ സ്ഥാനം നിലനിർത്തി ടീമിന്റെ ഇതിഹാസമായി മാറിയ ഷിമൈക്കിൾ, കിംഗ് പവർ സ്റ്റേഡിയത്തിലെ 11 വർഷത്തിന് ശേഷം ഫ്രഞ്ച് ടീമായ നീസിലേക്ക്
അപ്രതീക്ഷിതമായാണ് കൂട് മാറിയത്. 2016-ൽ കിരീടം നേടിയ ടീമിലെ ജാമി വാർഡി, മാർക്ക് ആൽബ്റൈറ്റൺ, ഡാനിയൽ അമർട്ടെ എന്നിവർ മാത്രമാണ് ഇപ്പോൾ ലെസ്റ്ററിൽ തുടരുന്നത്.

ലെസ്റ്റർ സിറ്റി

പുതുമുഖങ്ങളെ കൊണ്ടുവരാൻ കഴിയാത്തതിനെക്കാൾ പ്രധാന കളിക്കാരുടെ വിടവാങ്ങലാണ് ക്ലബ്ബിന്റെ ഫോമിലെ ഇടിവ് സംഭവിക്കാൻ കൂടുതൽ കാരണം എന്നാണ് ആരാധകർ വിശ്വസിക്കുന്നത് . കഴിഞ്ഞയാഴ്ച ലെസ്റ്റർ ചെയർമാൻ ക്ലബ് സാമ്പത്തികമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ അവരുടെ ചെലവുകൾ നിയന്ത്രിക്കേണ്ടിവരുമെന്ന് വെളിപ്പെടുത്തി, ഇത് മൂലം റോഡ്‌ജേഴ്സിന് തന്റെ ടീമിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഈ കഴിഞ്ഞ ട്രാൻസ്ഫർ സീസണിൽ വെറും രണ്ടു പേരെ മാത്രമാണ് ലെസ്റ്ററിന് ടീമിലെത്തിക്കാൻ കഴിഞ്ഞത്. ട്രാൻസ്ഫർ മാർക്കറ്റിൽ വേണ്ട സഹായം തനിക്കും ടീമിനും ലഭിച്ചില്ല എന്നു ലെസ്റ്റർ പരിശീലകൻ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

“ഷിമൈക്കിൾ 11 വർഷമായി ടീമിന്റെ കൂടെ ഉണ്ടായിരുന്നു , പിച്ചിന് പുറത്തുള്ള സ്വാധീനം അതിലും വലുതായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ലെസ്റ്ററിന്റെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. ക്രിസ്‌ത്യൻ ഫ്യൂഷ്‌സ്, വെസ് മോർഗൻ എന്നിവരെപ്പോലുള്ള മറ്റ് കളിക്കാരെ നിങ്ങൾക്ക് നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, അത് അത്ര മാത്രം ടീമിനെ ബാധിക്കും.” എന്നാണ് മുൻ ലെസ്റ്റർ താരം ഡാനി സിംപ്‌സൺ പ്രതികരിച്ചത്. എന്നാൽ ടീമിന് തിരിച്ചുവരാൻ ഒരു വിജയം മതിയെന്ന് തനിക്ക് അറിയാം. ബ്രെന്റ്‌ഫോർഡ് ഗെയിമിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ നോക്കൂ, അവർ അവസാന സ്ഥാനത്തായിരുന്നു. ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് ആ ഒരു വിജയം മാത്രം മതി എന്നും സിംപ്‌സൺ കൂട്ടിച്ചേർത്തു.

ലെസ്റ്റർ വീണ്ടും വിജയത്തിന്റെ പാതയിൽ തിരിച്ചുവന്ന് പ്രീമിയർ ലീഗിലെ മുൻനിരയിൽ എത്തിച്ചേരുമോ എന്ന് വരും ദിനങ്ങളിൽ കാത്തിരുന്നു കാണേണ്ടി വരും. ലെസ്റ്ററിന്റെ അടുത്ത മത്സരം ശനിയാഴ്ച്ച ആസ്റ്റൺ വില്ലയോടാണ്. ഇതിൽ ജയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കോച്ച് ബ്രെണ്ടൻ റോജർസിന്റെ സ്ഥാനം ചിലപ്പോൾ തെറിച്ചേക്കാം.