ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ജയത്തോടെ കയറാനുള്ള ആസ്റ്റൺ വില്ലയുടെ ശ്രമത്തെ തടഞ്ഞു ഇപ്സ്വിച് ടൗൺ. ഇരു ടീമുകളും 2 ഗോൾ വീതം നേടിയ മത്സരത്തിൽ 10 കോർണറുകളും 15 ഷോട്ടുകളും ഉതിർത്ത ഇപ്സ്വിച് സ്വന്തം മൈതാനത്ത് വില്ലക്ക് വലിയ തലവേദന ആണ് നൽകിയത്. മത്സരത്തിൽ എട്ടാം മിനിറ്റിൽ ജാക് ക്ലാർക്കിന്റെ പാസിൽ നിന്നു ലിയാം ഡിലാപ്പിന്റെ ഗോളിൽ ഇപ്സ്വിച് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ എന്ന പോലെ പിറകിൽ നിന്ന ശേഷം തിരിച്ചു വരുന്ന വില്ലയെ ആണ് ഇത്തവണയും കാണാൻ ആയത്.
15 മത്തെ മിനിറ്റിൽ വാറ്റ്കിൻസിന്റെ പാസിൽ നിന്നു മോർഗൻ റോജേഴ്‌സ് വില്ലക്ക് സമനില ഗോൾ നേടി നൽകി. തുടർന്ന് 32 മത്തെ മിനിറ്റിൽ ബെയ്‌ലിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ വാറ്റ്കിൻസ് വില്ലയെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നത് ആണ് കാണാൻ ആയത്. നിരന്തരം വില്ലയെ പരീക്ഷിച്ച ഇപ്സ്വിച് 72 മത്തെ മിനിറ്റിൽ ഹച്ചിസന്റെ പാസിൽ നിന്നു ഡിലാപ്പിന്റെ രണ്ടാം ഗോളിൽ നിന്നു അർഹിച്ച സമനില ഗോൾ സ്വന്തമാക്കി. നിലവിൽ ലീഗിൽ വില്ല അഞ്ചാം സ്ഥാനത്തും ഇപ്സ്വിച് 15 സ്ഥാനത്തും ആണ്.