ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഒരു നിർണായക വിജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇതിൽ അവസാന രണ്ടു ആഴ്സണൽ ഗോളും ഇഞ്ച്വറി ടൈമിൽ ആയിരുന്നു പിറന്നത്. യൂറോപ്യൻ പ്രതീക്ഷ നിലനിർത്താൻ ഇന്ന് ആഴ്സണലിന് വിജയം നിർബന്ധമായിരുന്നു. തുടക്കത്തിൽ ടിയേർനിയുടെ ക്രോസിൽ നിന്ന് പെപെ ആണ് ആഴ്സണലിന് ലീഡ് നൽകിയത്.
ആ ലീഡ് ആദ്യ പകുതിയിൽ നിലനിർത്താൻ ആഴ്സണലിനായി. രണ്ടാം പകുതിയിൽ പക്ഷെ ആഴ്സണലിന് കാലിടറി. 62ആം മിനുട്ടിൽ ബെന്റകെ ഒരു ഫ്രീ ഹെഡറിലൂടെ പാലസിന് സമനില നൽകി. പിന്നീട് ഇരു ടീമുകളും വിജയത്തിനായുള്ള ശ്രമം തുടർന്നു. 91ആം മിനുട്ടിൽ ഒഡെഗാർഡിന്റെ ക്രോസിൽ നിന്ന് യുവ ബ്രസീലിയൻ താരം മാർടിനെല്ലി ആഴ്സണലിന് ലീഡ് നൽകി. ഈ സന്തോഷത്തിനു പിന്നാലെ ഒരു സോളോ ഗോളിൽ പെപെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
ഇപ്പോൾ ലീഗിൽ 58 പോയിന്റുമായി ആഴ്സണൽ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. 59 പോയിന്റുമായി സ്പർസ് ആഴ്സണലിന് മുന്നിൽ ഏഴാം സ്ഥാനത്തുണ്ട്. ഏഴാമത് എങ്കിലും ഫിനിഷ് ചെയ്താൽ പുതുതായി യുവേഫ ആരംഭിക്കാൻ പോകുന്ന കോൺഫറൻസ് ലീഗിൽ ആഴ്സണലിന് യോഗ്യത നേടാം.