പ്രീമിയർ ലീഗ് ക്ലബായ ഹഡേഴ്സ്ഫീൽഡിന്റെ പരിശീലകൻ ഡേവിഡ് വാഗ്നർ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. പ്രീമിയർ ലീഗിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് വാഗ്നർ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ക്ലബ്ബുമായുള്ള പരസ്പര ധാരണയോടെയാണ് വാഗ്നർ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
22 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി പ്രീമിയർ ലീഗിൽ ഹഡേഴ്സ്ഫീൽഡ് അവസാന സ്ഥാനത്താണ്. 22 മത്സരങ്ങളിൽ നിന്ന് വെറും 2 മത്സരം മാത്രമാണ് ഈ സീസണിൽ ഹഡേഴ്സ്ഫീൽഡ് ജയിച്ചത്. കഴിഞ്ഞ ദിവസം നടന്ന കാർഡിഫിനെതിരായ മത്സരത്തിൽ ഹഡേഴ്സ്ഫീൽഡ് ഗവൽ രഹിത സമനില വഴങ്ങിയിരുന്നു.
2015 നവംബറിലാണ് വാഗ്നർ ഹഡേഴ്സ്ഫീൽഡിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2016/17 സീസണിൽ വാഗ്നറുടെ കീഴിലാണ് ഹഡേഴ്സ്ഫീൽഡ് ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയർ ലീഗിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ റെലെഗേഷൻ ഭീഷണിയിലായിരുന്ന ഹഡേഴ്സ്ഫീൽഡിനെ പ്രീമിയർ ലീഗിൽ നിലനിർത്താൻ വാഗ്നർക്ക് കഴിഞ്ഞിരുന്നു.













