മത്സരങ്ങൾ ഇല്ല, ഈ ആഴ്ച ഇത് ഫാന്റസി പ്രീമിയർ ലീഗിനെ എങ്ങനെ ബാധിക്കും?

ലക്ഷക്കണക്കിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരാധകർ ആസ്വദിച്ചു കളിക്കുന്ന ഫാന്റസി പ്രീമിയർ ലീഗിന് മത്സരങ്ങൾ മാറ്റി വച്ചതിനാൽ എന്ത് സംഭവിക്കും എന്നാണ് ഫാന്റസി ആരാധകരുടെ ചോദ്യം. എലിസബത്ത് രാജ്ഞിയുടെ മരണം കാരണം ഈ ആഴ്ചയിലെ എല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളും മാറ്റി വച്ചിരുന്നു. ഈ ആഴ്ച അതിനാൽ തന്നെ ഫാന്റസിയിൽ പോയിന്റുകൾ ലഭിക്കാത്ത വിധം റോൾ ഓവർ ചെയ്യും എന്നാണ് ഫാന്റസി പ്രീമിയർ ലീഗ് അറിയിച്ചത്.

എന്നാൽ ഇതിനകം ഒന്നിലധികം താരങ്ങളെ മാറ്റി നെഗറ്റീവ് പോയിന്റ് നേടിയവർക്ക് ആ പോയിന്റ് അവരുടെ ടീം സ്കോറിൽ പ്രതിഫലിക്കും. ആരും താരങ്ങളെ മാറ്റിയില്ലെങ്കിൽ ഈ ആഴ്ചയിൽ ഹെഡ് ടു ഹെഡ് ലീഗുകളിൽ ടീമുകൾക്ക് സമനില നൽകുകയും ഓരോ പോയിന്റ് വീതം നൽകുകയും ചെയ്യും എന്നും ഫാന്റസി പ്രീമിയർ ലീഗ് അറിയിച്ചു. ഫ്രീ ഹിറ്റ്, ട്രിപ്പിൾ ക്യാപ്റ്റൻ, ബെഞ്ച് ബൂസ്റ്റ് തുടങ്ങിയ ഏതെങ്കിലും ചിപ്പുകൾ ഇതിനകം തന്നെ ഈ ആഴ്ചയിൽ ഉപയോഗിച്ചവർക്ക് അത് തിരിച്ചു ലഭിക്കുന്നത് ആയിരിക്കും.

വൈൽഡ് കാർഡ് എടുത്തവർ ആണെങ്കിൽ അവർക്ക് അടുത്ത ആഴ്ച വരെ ടീമിൽ എത്രവേണമെങ്കിലും മാറ്റങ്ങൾ വരുത്താനുള്ള അവസരവും ലഭിക്കും. ഈ മത്സരങ്ങൾ മറ്റൊരു ആഴ്ചയിലേക്ക് മാറ്റി വക്കും ആ സമയത്ത് അന്നത്തെ പോയിന്റുകൾ ആ ആഴ്ചയിൽ ആയിരിക്കും പരിഗണിക്കുക. അടുത്ത ആഴ്ച പ്രീമിയർ ലീഗ് തിരിച്ചെത്തും എന്നാണ് ആരാധകർ നിലവിൽ പ്രതീക്ഷിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിന് പിറകെ ചാമ്പ്യൻഷിപ്പ്, ഈ ആഴ്ച തുടങ്ങേണ്ട വനിത സൂപ്പർ ലീഗ് എന്നിവയും എലിസബത്ത് രാജ്ഞിയോടുള്ള ബഹുമാനം കാരണം മാറ്റി വച്ചിരുന്നു.