മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾവലയ്ക്ക് കീഴിലെ സ്ഥാനം മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന ഡീൻ ഹെൻഡേഴ്സൺ സ്വന്തമാക്കുകയാണ്. ഇന്നലെ ബ്രൈറ്റണ് എതിരായ മത്സരത്തിൽ ഡി ഹിയയെ ബെഞ്ചിൽ ഇരുത്തി കൊണ്ട് ഹെൻഡേഴ്സൺ ആണ് യുണൈറ്റഡ് വല കാത്തത്. ഡി ഹിയയുടെ അഭാവത്തിൽ അവസാന ഒരു മാസത്തോളം ഹെൻഡേഴ്സണായിരുന്നു യുണൈറ്റഡ് വല കാത്തത്.
ഹെൻഡേഴ്സന്റെ പ്രകടനങ്ങൾ ഡി ഹിയയെക്കാൾ ഏറെ മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ പരിശീലകൻ ഒലെയുടെ ഇഷ്ടതാരമായി ഹെൻഡേഴ്സൺ വളരുകയാണ്. എന്നാൽ ഹെൻഡേഴ്സണെ ആദ്യ ഗോളിയാക്കുന്നതിൽ യുണൈറ്റഡ് ഒന്നാം നമ്പറായ ഡി ഹിയ കടുത്ത അതൃപ്തിയിൽ ആണ്. അവസാന പത്ത് വർഷത്തോളമായി യുണൈറ്റഡ് വല കാത്തത് ഡി ഹിയ ആയിരുന്നു. ഇതിനു മുമ്പ് തന്നെ ഡൊ ഹിയയെ മാറ്റി ഹെൻഡേഴ്സണെ ആദ്യ ഇലവനിൽ എത്തിക്കാൻ ഒലെ ശ്രമിച്ചിരുന്നു എങ്കിലും ഡി ഹിയ അതൃപ്തി പ്രകടിപ്പിച്ചത് കൊണ്ട് ആ നീക്കം നടന്നിരുന്നില്ല എന്ന് മാഞ്ചസ്റ്ററിലെ പത്രങ്ങൾ പറയുന്നു. ഇപ്പോൾ ഹെൻഡേഴ്സണെ പരിഗണിച്ചത് ഡി ഹിയയും ഒലെയും തമ്മിൽ വലിയ പ്രശ്നങ്ങൾ ഡ്രസിംഗ് റൂമിൽ ഉണ്ടാക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.