പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ നേരിട്ട അവർ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ലീഗിലെ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമാകുന്ന മത്സരഫലമാണ് ഇന്നത്തേത്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള സ്പർസിന് 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ് ഉണ്ട്. 35 മത്സരങ്ങളിൽ നിന്ന് 67 മത്സരങ്ങളുള്ള ചെൽസി നാലാം സ്ഥാനത്താണ്. 35 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുള്ള ആഴ്സണലിന്റെ ടോപ്പ് 4 പ്രതീക്ഷകൾ ഇതോടെ സജീവമായി.
മത്സരത്തിലെ ആദ്യ പകുതിയിൽ സ്പർസ് പുലർത്തിയ ആധിപത്യത്തിന് രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ പോരാട്ടത്തിലൂടെ ഹാമേഴ്സ് മറുപടി നൽകുകയായിരുന്നു. 67 ആം മിനുട്ടിൽ അനാടോവിക് നൽകിയ മനോഹരമായ പാസ്സ് ഗോളാക്കിയാണ് വെസ്റ്റ് ഹാം മത്സരത്തിലെ വിജയ ഗോൾ നേടിയത്. ഇതോടെ സ്പർസിന്റെ പുതിയ സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ആദ്യ എതിർ കളിക്കാരൻ എന്ന റെക്കോർഡും അന്റോണിയോക്ക് സ്വന്തമായി. ഗോൾ വഴങ്ങിയിട്ടും സ്പർസിന്റെ ആക്രമണത്തിന് കാര്യമായ ഉണർവ് ഇല്ലാതിരുന്നതോടെ കൂടുതൽ പ്രയാസമില്ലാതെ ഹാമ്മേഴ്‌സ് മത്സരം സ്വന്തമാക്കി.