എർലിങ് ഹാളണ്ട് വീണ്ടും ഗോളടിച്ചു കൂട്ടാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് വോൾവ്സിനെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ആ മൂന്ന് ഗോളുകളും നേടിയത് എർലിങ് ഹാളണ്ട് ആയിരുന്നു. ഈ ഗോളുകളോടെ ഈ സീസൺ പ്രീമിയർ ലീഗിൽ ഹാളണ്ടിന്റെ ഗോളുകളുടെ എണ്ണം 25 ആയി ഉയർന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടിയ മൊ സലായും ഹ്യുങ് മിൻ സോണും നേടിയത് 23 ഗോളുകൾ ആയിരുന്നു. 18 മത്സരങ്ങൾ ലീഗിൽ ഇനിയും ബാക്കൊ ഇരിക്കെ ഹാളണ്ട് 25 ഗോളിൽ എത്തിയത് ഒരു അത്ഭുതം തന്നെയാണ്.
ഇന്ന് മത്സരത്തിന്റെ 40ആം മിനുട്ടിൽ ഒരു ഹെഡറലൂടെ ആയിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. കെവിൻ ഡി ബ്രുയിനെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിലൂടെ ഹാളണ്ട് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 54ആം മിനുട്ടിൽ ആയിരുന്നു ഹാളണ്ടിന്റെ ഹാട്രിക്ക് തികച്ച ഗോൾ.
പ്രീമിയർ ലീഗിൽ 1993-94 സീസണിൽ ആൻഡി കോളും 1994-95 സീസണിലെ അലൻ ഷീററും നേടിയ 34 ഗോളുകൾ എന്ന റെക്കോർഡ് ഹാളണ്ട് തകർക്കും എന്നാണ് ഈ ഗോളടി നൽകുന്ന സൂചനകൾ. ഹാളണ്ടിന്റെ നാലാം ഹാട്രിക്ക് ആണിത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 20 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ആഴ്സണലിന് 2 പോയിന്റ് മാത്രം പിറകിൽ എത്തി.