പ്രീമിയർ ലീഗിൽ ഗോളടിയിൽ റെക്കോർഡ് സൃഷ്ടിച്ച് ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്ൻ. പ്രീമിയർ ലീഗിൽ താൻ നേരിട്ട 28 ടീമുകൾക്കെതിരെയും ഗോൾ നേടിയാണ് ഹാരി കെയ്ൻ റെക്കോർഡിട്ടത്. കാർഡിഫിനെതിരായ മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ നേടിയാണ് ഹാരി കെയ്ൻ റെക്കോർഡ് സ്വന്തമാക്കിയത്. നേരത്തെ മൂന്ന് തവണ കാർഡിഫിനോട് ഏറ്റുമുട്ടിയപ്പോഴും ഹാരി കെയ്‌നിനു ഗോൾ നേടാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം ജയിച്ചിരുന്നു.
ജയത്തോടെ പ്രീമിയർ ലീഗ് പട്ടികയിൽ വീണ്ടും രണ്ടാം സ്ഥാനത്ത് എത്താനും ടോട്ടൻഹാമിനായി. മാത്രവുമല്ല പുതുവത്സര ദിനത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ആന്റി കോളിന്റെയും സ്റ്റീവൻ ജെറാർഡിന്റെയും റെക്കോർഡിനൊപ്പമെത്താനും കെയ്‌നിനായി. പുതുവത്സര ദിനത്തിൽ കെയ്‌നിന്റെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. തുടർച്ചയായി കഴിഞ്ഞ അഞ്ചു പുതുവത്സര ദിനത്തിലും ഹാരി കെയ്ൻ ഗോൾ നേടിയിട്ടുണ്ട്. 39 ടീമുകൾക്കെതിരെ ഗോളടിച്ച ഫ്രാങ്ക് ലാംപാർഡ് ആണ് ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ടീമുകൾക്കെതിരെ ഗോളടിച്ച താരം.