ഫ്രാൻസ് സ്‌ട്രൈക്കർ ഒലിവിയർ ജിറൂദ് 2020 വരെ ചെൽസിയിൽ തുടരും. താരത്തിന്റെ കരാറിലുള്ള ഒരു വർഷം ദീർഘിപ്പിക്കാനുള്ള തീരുമാനം ചെൽസി എടുത്തതോടെയാണ് ജിറൂദ് ചെൽസിയിൽ തന്നെ തുടരുമെന്ന് ഉറപ്പായത്. നേരത്തെ ചെൽസി പരിശീലകൻ മൗറിസിയോ സരി ജിറൂദ് ചെൽസിയിൽ തന്നെ തുടരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ജിറൂദ് തനിക്ക് കൂടുതൽ അവസരങ്ങൾ കിട്ടുന്ന ടീമിലേക്ക് പോവുമെന്ന സൂചനകൾ തന്നിരുന്നു. ചെൽസിക്ക് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് നിലനിൽക്കെയാണ് ജിറൂദിന്റെ കരാർ ചെൽസി ദീർഘിപ്പിച്ചത്. ട്രാൻസ്ഫർ വിലക്കിനെതിരെ ചെൽസി കോർട്ട് ഓഫ് അർബ്രിട്രേഷനെ സമീപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ സീസണിൽ യൂറോപ്പ ലീഗിൽ ചെൽസി നിരയിൽ അവസരങ്ങൾ ലഭിച്ച ജിറൂദ് സീസണിൽ 10 ഗോളുകളും യൂറോപ്പയിൽ നേടിയിരുന്നു. മെയ് 29ന് നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ജിറൂദിന്റെ മുൻ ക്ലബായ ആഴ്‌സണലാണ് ചെൽസിയുടെ എതിരാളികൾ.
2018 ജനുവരിയിലാണ് 18 മാസത്തെ കരാറിൽ ജിറൂദ് ആഴ്‌സണലിൽ നിന്ന് ചെൽസിയിൽ എത്തുന്നത്. തുടക്കത്തിൽ അൽവാരോ മൊറാട്ടക്കും ശേഷം ഹിഗ്വയിനും പിന്നിൽ രണ്ടാമത്തെ സ്‌ട്രൈക്കർ ആയിട്ടാണ് ജിറൂദിന് പലപ്പോഴും അവസരം ലഭിച്ചിരുന്നത്. ഇതാണ് താരത്തെ ടീം മാറണമെന്ന ചിന്തയിൽ എത്തിച്ചത്. എന്നാൽ ചെൽസി ഒരു വർഷം കൂടി കരാർ കാലാവധി ദീർഘിപ്പിച്ചതോടെ താരത്തെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ വാർത്തകൾക്ക് അവസാനമായി. നേരത്തെ ഫ്രഞ്ച് ക്ലബ്ബുകളായ നീസ്, മാർസെ, ലിയോൺ എന്നിവർ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.