ജൂണിൽ പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. ഫുട്ബോൾ പുനരാരംഭിക്കാനുള്ള തീരുമാനം പണം മാത്രം മുൻപിൽ കണ്ടാണെന്നും ഗ്രൗണ്ടിൽ കളിക്കുന്ന താരങ്ങളുടെ ആരോഗ്യ സുരക്ഷാ കണക്കിലെടുത്തല്ലെന്നും ഗാരി നെവിൽ പറഞ്ഞു.
ഈ അവസരത്തിൽ കളിക്കുന്നത് അപകടകരമാണെന്ന് മനസിസിലാക്കാൻ എത്ര ആൾക്കാർ മരിക്കണമെന്നും ഗാരി നെവിൽ ചോദിച്ചു. ഫിഫ മെഡിക്കൽ ഓഫീസർ അടുത്ത സെപ്റ്റംബർ വരെ മത്സരങ്ങൾ നടത്തരുതെന്ന് പറഞ്ഞ കാര്യവും ഗാരി നെവിൽ ഓർമിപ്പിച്ചു. ഫുട്ബോൾ ശാരീരിക ബന്ധമുള്ള കളിയാണെന്നും അത്കൊണ്ട് തന്നെ മത്സരത്തിനിടെ അത് തടയാൻ ആർക്കും കഴിയില്ലെന്നും നെവിൽ പറഞ്ഞു.
യുവേഫയുടെ നിർദേശത്തെ തുടർന്ന് ജൂൺ മാസത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള നടപടികൾ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയിരുന്നു. അതെ സമയം ഫ്രഞ്ച്, ബെൽജിയം, ഡച്ച് ലീഗുകൾ നേരത്തെ തന്നെ അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു.