ചെൽസി പരിശീലകൻ മൗറിസിയോ സാരിക്കെതിരെ രൂക്ഷ വിമർശനവുമായി ചെൽസി ക്യാപ്റ്റൻ ഗാരി കാഹിൽ. സാരി തന്നെ ചെൽസി ടീമിൽ നിന്ന് അകറ്റി നിർത്തിയെന്നും ചെൽസിയിൽ ഇത്രയധികം കിരീടങ്ങൾ നേടിയ തന്നെ ബഹുമാനിച്ചില്ലെന്നും ഗാരി കാഹിൽ പറഞ്ഞു. കഴിഞ്ഞ ആറ് വർഷം തുടർച്ചയായി താൻ ചെൽസിക്ക് വേണ്ടി കളിച്ചുവെന്നും ഇങ്ങനെ പകരക്കാരുടെ ബെഞ്ചിൽ ഇരുന്ന് കാളി കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കാഹിൽ പറഞ്ഞു. ചെൽസിയിൽ ഗാരി കാഹിലിന്റെ കരാർ ഈ സീസണോടെ അവസാനിക്കും. 3-4 മത്സരങ്ങളിൽ നിന്ന് പരിശീലകൻ പുറത്തിരുത്തുന്നത് മനസ്സിലാക്കാൻ പറ്റും, എന്നാൽ യാതൊരു കാരണവുമില്ലാതെ 8-9 മത്സരങ്ങളിൽ തന്നെ പുറത്തിയിരുത്തിയതിന് സാരി വിശദീകരണം നൽകിയില്ലെന്നും കാഹിൽ പറഞ്ഞു.
ചെൽസി ജേഴ്സിയിൽ കാഹിൽ അവസാനമായി കളിച്ചത് കഴിഞ്ഞ നവംബറിലാണ്. അന്ന് യൂറോപ്പ ലീഗിൽ പാവോകിനെതിരെയാണ് കാഹിൽ കളിച്ചത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ വെറും 21 മിനിറ്റ് മാത്രമാണ് കാഹിൽ കളിച്ചത്. തന്റെ ഏഴര വർഷത്തെ ചെൽസി കരിയറിലെ അവസാന വർഷം താൻ മറക്കാൻ ആഗ്രഹിക്കുകയാണെന്നും കാഹിൽ പറഞ്ഞു. ചെൽസിയിൽ തന്റെ അവസാന ഓർമ കഴിഞ്ഞ സീസണിൽ നേടിയ എഫ്. എ കിരീടമാവുമെന്നും കാഹിൽ പറഞ്ഞു. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, യൂറോപ്പ ലീഗ്, ലീഗ് കപ്പ് തുടങ്ങി എല്ലാ കിരീടങ്ങളും ചെൽസിയുടെ കൂടെ നേടിയിട്ടുള്ള താരമാണ് കാഹിൽ.