പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും തോൽവി. ലണ്ടൻ വൈരികളായ ഫുൾഹാമാണ് ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. 30 വർഷത്തിനിടെ രണ്ടാമത്തെ തവണ മാത്രമാണ് ഫുൾഹാം ചെൽസിയെ പരാജയപെടുത്തുന്നത്. ചെൽസിക്കായി ഇന്ന് അരങ്ങേറ്റം നടത്തിയ ജാവോ ഫെലിക്സ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ 10പേരുമായാണ് ചെൽസി മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുത്തിന് ശേഷമാണ് രണ്ടാം പകുതിയിൽ ഫെലിക്സ് ചുവപ്പ് കാർഡ് വാങ്ങിയത്. ഫുൾഹാം താരം ടെറ്റെയെ ഫൗൾ ചെയ്തതിനാണ് ഫെലിക്സിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെൽസിയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ഫുൾഹാം താരം ഡെക്കർഡോവയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചത് ചെൽസിക്ക് തുണയായി. തുടർന്നാണ് മുൻ ചെൽസി താരം കൂടിയായ വില്യൻ ഫുൾഹാമിന് മത്സരത്തിൽ ലീഡ് നേടി കൊടുത്തത്.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നു. മേസൺ മൗണ്ടിന്റെ ഫ്രീ കിക്കിൽ നിന്ന് വന്ന റീബൗണ്ട് പന്ത് ഗോളാക്കി കൂലിബാലിയാണ് ചെൽസിക്ക് സമനില നേടിക്കൊടുത്തത്.
തുടർന്ന് മത്സരത്തിൽ ലീഡ് നേടാൻ ചെൽസി ശ്രമിക്കുന്നതിനിടെയാണ് ഫെലിക്സിന് ചുവപ്പ് കാർഡ് ലഭിച്ചത്. തുടർന്ന് ചെൽസി 10 പേരായി ചുരുങ്ങിയതിന്റെ ആനുകൂല്യം മുതലെടുത്ത് വിനീഷ്യസ് ഫുൾഹാമിന് വേണ്ടി വിജയ ഗോൾ നേടികൊടുക്കുകയായിരുന്നു. പെരേരയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ഹെഡറിലൂടെ ഗോൾ നേടിയത്. ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്താനും ഫുൾഹാമിനായി.