ആഴ്‌സണലിലെ സുവർണ താരങ്ങളെ ടീമിൽ എത്തിച്ച മുൻ ചീഫ് സ്കൗട്ട് സ്റ്റീവ് റോവ്ലി അന്തരിച്ചു

ആഴ്‌സണൽ മുൻ ചീഫ് സ്കൗട്ട് സ്റ്റീവ് റോവ്ലി അന്തരിച്ചു. അസുഖബാധിതനായ അദ്ദേഹത്തിന്റെ മരണം ക്ലബ് ആണ് സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്. ജനുവരി 1980 മുതൽ ആഴ്‌സണലിന്റെ ഭാഗം ആയ അദ്ദേഹം 1996 ൽ ആഴ്‌സെൻ വെങർ പരിശീലകൻ ആയി എത്തിയപ്പോൾ ആണ് ചീഫ് സ്കൗട്ട് ആയി മാറുന്നത്. അതിനു മുമ്പ് തന്നെ പിന്നീട് ആഴ്‌സണൽ ഇതിഹാസ താരങ്ങൾ ആയ ടോണി ആദംസ്, റെ പാർലർ എന്നിവരെ ജോർജ് ഗ്രഹാമിന്റെ കാലത്ത് കണ്ടത്തിയതും അദ്ദേഹം ആയിരുന്നു.

1996 മുതൽ 2017 വരെ മുഖ്യ സ്കൗട്ട് ആയി പ്രവർത്തിച്ച അദ്ദേഹം ഈ കാലഘട്ടത്തിൽ നിരവധി താരങ്ങളെയാണ് ആഴ്‌സണലിൽ എത്തിച്ചത്. റോബിൻ വാൻ പെഴ്‌സിയെ ക്ലബിൽ എത്തിക്കാൻ നിർണായക പങ്ക് വഹിച്ചതും അദ്ദേഹം ആയിരുന്നു. വെങറോട് സെസ്ക് ഫാബ്രിഗാസിനെ ബാഴ്‌സലോണയിൽ നിന്നു സ്വന്തമാക്കാൻ നിർദേശം നൽകിയതും അദ്ദേഹം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി മുൻ താരങ്ങൾ ദുഃഖം രേഖപ്പെടുത്തി. സ്റ്റീവ് ഇല്ലായിരുന്നു എങ്കിൽ തന്റെ ഈ കരിയർ ഉണ്ടാവുമോ എന്നു ഉറപ്പില്ലെന്നു കുറിച്ച മുൻ ആഴ്‌സണൽ നായകൻ സെസ്ക് ഫാബ്രിഗാസ് ക്ലബിന് നഷ്ടമായത് യഥാർത്ഥ ഇതിഹാസത്തെ ആണെന്നും കൂട്ടിച്ചേർത്തു.