ഫിർമിനോ ടീമിലെ നിർണായക താരം : ക്ലോപ്പ്

സലയോടും മാനേയോടും ഒപ്പം ലിവർപൂളിന്റെ മുന്നേറ്റത്തിലെ നിർണായക താരമായിരുന്നു ഫിർമിനോ. ക്ലോപ്പ് തന്റെ തനത് ശൈലിയിൽ ടീം വളർത്തിയെടുത്തപ്പോൾ മുൻനിരയിൽ “ബോബി” ഒഴിച്ചു കൂടാനാവാത്ത സ്വാധീനമായി. പിന്നീട് പകരക്കാരെ എത്തിച്ചതോടെ ഫിർമിനോ പലപ്പോഴും ബെഞ്ചിൽ നിന്നായിരുന്നു മത്സരം ആരംഭിച്ചിരുന്നത്. താരം ലിവർപൂൾ വിട്ടേക്കും എന്ന സൂചനകൾക്കിടയിൽ ഫിർമിനോ ഇപ്പോഴും തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളാണെന്ന പ്രസ്താവനയുമായി വന്നിരിക്കുകയാണ് ലിവർപൂൾ കോച്ച് ക്ലോപ്പ്.

ഫിർമിനോ തങ്ങളുടെ ടീമിന്റെ ഹൃദയമാണ്. അദ്ദേഹത്തിന്റെ കഴിവിൽ തനിക്ക് തെല്ലും സംശയമില്ല. ടീമിലെ ഒഴിച്ചു കൂടാനാവാത്ത താരമാണദ്ദേഹം, ക്ലോപ്പ് പറഞ്ഞു. “ഫിർമിനോയിൽ താൻ പൂർണ സംതൃപ്തനാണ്” ക്ലോപ്പ് കൂട്ടിച്ചേർത്തു. താരത്തിനായി യുവന്റസ് ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ കൂടിയാണ് ക്ലോപ്പ് പ്രസ്‌താവനയുമായി എത്തിയത്. ഫിർമിനോക്ക് ലിവർപൂളിൽ ഒരു വർഷത്തെ കരാർ മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ മികച്ച ഓഫർ ലഭിക്കുന്ന പക്ഷം താരത്തെ വിട്ടു കൊടുക്കാനും ലിവർപൂൾ തയ്യാറായേക്കും. അൽവരോ മൊറാട്ട അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു പോയ സ്ഥാനത്തേക്കാണ് യുവന്റസ് ബോബിയെ ലക്ഷ്യമിടുന്നത്.