കോർണറിൽ നിന്ന് നേരിട്ട് ഗോൾ നേടി ഞെട്ടിച്ച ബേൺലിക്ക് എതിരെ മികച്ച തിരിച്ചു വരവ് നടത്തിയ ലിവർപൂൾ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിർണായക ജയം നേടി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 4-2 നാണ് ക്ളോപ്പിന്റെ സംഘം ജയിച്ചു കയറിയത്. ജയത്തോടെ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിലായി കിരീട സാധ്യത നിലനിർത്താൻ അവർക്കായി.
അപ്രതീക്ഷിതമായി മത്സരത്തിൽ ബേൺലിയാണ് ആദ്യം ഗോൾ നേടിയത്. ആറാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് ആഷ്‌ലി വെസ്റ്റ് വുഡ് അലിസണെ വീഴ്ത്തുകയായിരുന്നു. അപൂർവ്വമായ ഗോളിൽ പക്ഷെ പതറാതിരുന്ന ലിവർപൂൾ ആദ്യ പകുതിയിൽ തന്നെ ശക്തമായ തിരിച്ചടി നൽകി. 19 ആം മിനുട്ടിൽ ഫിർമിനോയുടെ ഗോളിൽ സമനില പിടിച്ച അവർ വൈകാതെ പത്ത് മിനുട്ടുകൾക്ക് അപ്പുറം മാനെയുടെ ഗോളിൽ സ്കോർ 2-1 ആക്കി.
രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന ലിവർപൂൾ 67 ആം മിനുട്ടിൽ ഫിർമിനോയുടെ തന്നെ രണ്ടാം ഗോളിൽ സ്കോർ 3-1 ആക്കി സമ്മർദ്ദം കുറച്ചു ജയം ഉറപ്പാക്കി. പക്ഷെ ഇഞ്ചുറി ടൈമിൽ ഗുഡ്മുൻസൻ ബേൺലിയുടെ രണ്ടാം ഗോൾ നേടിയത് ഏതാനും മിനുട്ടുകൾക്ക് ആൻഫീൽഡിനെ വിറപ്പിച്ചെങ്കിലും മാനെയുടെ ഗോളിൽ സ്കോർ 4-2 ആക്കി കൂടുതൽ പരുക്കേൽക്കാതെ കളി തീർക്കാൻ ക്ളോപ്പിന്റെ ടീമിനായി.













