അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാമെന്ന ചെൽസിയുടെ മോഹത്തിന് തിരിച്ചടി. അണ്ടർ 18 താരങ്ങളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഫിഫ ചെൽസിക്കെതിരെ പ്രഖ്യാപിച്ച രണ്ട് ട്രാൻസ്ഫർ വിൻഡോയിലെ വിലക്ക് തുടരുമെന്ന് അറിയിച്ച് ഫിഫ. വിലക്കെതിരെ ചെൽസി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സീനിയർ താരങ്ങളെ സ്വന്തമാക്കുന്നതിൽ നിന്ന് ചെൽസിക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഇതോടെ ഒരു വർഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തിയ ചെൽസിക്ക് പുതിയ സീനിയർ താരങ്ങളെ സ്വന്തമാക്കാൻ കഴിയില്ല. ഈ വിലക്ക് പ്രകാരം 2020ലെ സമ്മർ ട്രാൻസ്ഫർ വിൻഡോ വരെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ചെൽസിക്ക് കഴിയില്ല. ഫിഫയുടെ നടപടിക്കെതിരെ ചെൽസി കോർട്ട് ഓഫ് ആർബിട്രേഷനെ സമീപിക്കമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഫിഫ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പൻമാർക്ക് വിലക്ക് ഏർപെടുത്തിയിരുന്നെങ്കിലും തുടർന്ന് വിലക്കിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ഈ തരത്തിലുള്ള ഇളവ് ഫിഫ ചെൽസിക്ക് അനുവദിച്ചിട്ടില്ല. ഇത് ചൂണ്ടി കാട്ടിയാവും ചെൽസി കോർട്ട് ഓഫ് ആർബിട്രേഷനെ സമീപിക്കുക.
വിലക്ക് പ്രകാരം ചെൽസിയിൽ ഇപ്പോൾ ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന ഹിഗ്വയിൻ, കോവചിച്ച് എന്നിവരെ സ്ഥിരമായി സ്വന്തമാക്കാൻ ചെൽസിക്ക് കഴിയില്ല. അതെ സമയം കഴിഞ്ഞ ജനുവരിയിൽ ക്ലബ് സ്വന്തമാക്കിയ ഡോർട്മുണ്ട് താരം പുലിസിച്ചിന് ചെൽസിക്ക് വേണ്ടി കളിക്കാം. ചെൽസിയുടെ വനിതാ ടീമിനും വിലക്ക് ബാധകമല്ല