മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെ ഗണ്ണാർ സോൾഷ്യറിന് ഒരു അവസരം കൂടെ. ഈ സീസണിലെ ദയനീയ ഫലങ്ങളും ലിവർപൂളിനോടുള്ള വലിയ പരാജയവും മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഒലെ യുഗത്തിന്റെ അവസാനമാകും എന്നാണ് കരുതിയത് എങ്കിലും കാര്യങ്ങൾ മാറിമറയുകയാണ്. ഒലെയെ പുറത്താക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിൽ നിന്ന് വലിയ പിന്തുണ ആണ് ഒലെയ്ക്ക് ലഭിച്ചത്. സർ അലക്സ് ഫെർഗൂസൺ ഉൾപ്പെടെ ഒലെയ്ക്ക് ഒരു അവസരം കൂടെ നൽകണം എന്ന് പറഞ്ഞതോടെ ഒലെയെ ഇപ്പോൾ പുറത്താക്കണ്ട എന്ന തീരുമാനത്തിൽ ക്ലബ് എത്തി.
ഒലെയെ അടുത്ത മൂന്ന് മത്സരങ്ങൾ കൂടെ വിശ്വാസത്തിൽ എടുക്കാൻ ആണ് ക്ലബിന്റെ ഇപ്പോഴത്തെ തീരുമാനം. സ്പർസ്, അറ്റലാന്റ, മാഞ്ചസ്റ്റർ സിറ്റി എന്നീ മത്സരങ്ങൾ ആണ് ഒലെയ്ക്ക് മുന്നിൽ ഉള്ളത്. ഈ മൂന്ന് മത്സരങ്ങൾ കൊണ്ട് ആരാധകരുടെ വിശ്വാസം ഒലെ തിരിച്ചു പിടിക്കേണ്ടതുണ്ട്. അല്ലായെങ്കിൽ ക്ലബ് പുതിയ പരിശീലകനെ എത്തിക്കും. ഇത്രയും സമയം കിട്ടുന്നത് അനുയോജ്യമായ ഒരു പകരക്കാരനെ കണ്ടെത്താൻ യുണൈറ്റഡിനെയും സഹായിക്കും. ഇന്ന് പരിശീലന ഗ്രൗണ്ടിൽ എത്തിയ ഒലെ പതിവു പോലെ പരിശീലനത്തിന് ഇന്നും നേതൃത്വം നൽകി.













