മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡ് താരം പട്രീസ് എവ്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 38 ആം വയസിലാണ് താരം കളി മതിയാകുന്നത്. ഇനി പരിശീലകനാകാനുള്ള യോഗ്യതകൾ നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മുൻ ഫ്രാൻസ് ദേശീയ താരമാണ് എവ്ര. അവസാനം പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടിയത്.
2006 മുതൽ 2014 വരെ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കിൽ പകരകാരനില്ലാതെ തിളങ്ങിയാണ് എവ്ര ലോക ഫുട്‌ബോളിൽ ശ്രദ്ധേയനാകുന്നത്. യുനൈറ്റഡിനൊപ്പം 5 പ്രീമിയർ ലീഗ് കിരീടങ്ങളും, 3 ലീഗ് കപ്പും, 2008 ചാമ്പ്യൻസ് ലീഗും, ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയിട്ടുണ്ട്. യുണൈറ്റഡ് വിട്ട ശേഷം യുവന്റസിൽ കളിച്ച താരം 2 സീരി എ കിരീടവും,2 കോപ്പ ഇറ്റാലിയയും, 1 സൂപ്പർ കോപ്പയും നേടി. മാർസെ, മൊണാക്കോ, നീസ് ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.