എവർട്ടനെ പേടിക്കണം, മൗറീനോക്ക് ആഞ്ചലോട്ടിയുടെ ആദ്യ ദിന ഷോക്ക്

- Advertisement -

കാർലോ ആഞ്ചലോട്ടിയുടെ എവർട്ടൻ ഇത്തവണ വൻ ടീമുകൾക്ക് ഭീഷണിയാകും എന്ന പ്രവചനങ്ങൾക്ക് പിന്തുണയേറുന്ന പ്രകടനമാണ് ഇന്ന് അവർ സ്പർസിന്റെ സ്വന്തം മൈതാനത്ത് നടത്തിയത്. എതിരില്ലാത്ത 1 ഗോളിന് മൗറീനോയുടെ ടീമിനെ മറികടന്ന അവർ മത്സരത്തിന്റെ സർവ്വ മേഖലകളിലും മുന്നിട്ട് തന്നെ നിന്നു. ഈ സീസൺ തുടക്കം തന്നെ തോൽവിയോടെ തുടങ്ങുന്ന ആദ്യ വൻ ടീമായി സ്പർസ്.

വൻ പണം മുടക്കി എത്തിച്ച അലനും , ഹാമേസ് റോഡ്രിഗസും, ടികൊറേയും അടക്കം എല്ലാവരും ഇന്ന് എവർട്ടൻ നിരയിൽ ഉണ്ടായിരുന്നു. സ്പർസിൽ ഹോയ്ബിയെയും ഡോഹർട്ടിയും ഇടം നേടി. തുടക്കം മുതൽ മുന്നിട്ട് കളിച്ച എവർട്ടൻ സ്പർസ് പ്രതിരോധത്തിന് വൻ ജോലിയാണ് നൽകിയത്. ആദ്യ പകുതിയിൽ ഗോൾ പോസ്റ്റ് മാത്രം മുന്നിൽ നിൽക്കെ റിച്ചാർലിസൻ പന്ത് പുറത്തേക്ക് അടിച്ചത് സ്പർസിന് ഭാഗ്യമായി.

രണ്ടാം പകുതിയിൽ പക്ഷെ 55 ആം മിനുട്ടിൽ ലുക്കാസ് ഡിനെയുടെ മികച്ച ഫ്രീകിക്ക് ബുള്ളറ്റ് ഹെഡറിലൂടെ കാൽവർട്ട് ലെവിൻ വലയിലാക്കി. പിന്നീടും നിരവധി അവസരങ്ങൾ എവർട്ടൻ സൃഷ്ടിച്ചെങ്കിലും റിച്ചാർലിസന്റെ മോശം ഫിനിഷിങ് ആണ് അവരെ ലീഡ് ഉയർത്തുന്നതിൽ നിന്ന് തടഞ്ഞത്.

Advertisement