പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ മികച്ച ജയവുമായി എവർട്ടൺ. കാർലോ അഞ്ചലോട്ടി പരിശീലിപ്പിച്ച എവർട്ടൺ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള മികച്ച അവസരമാണ് ചെൽസിക്ക് ഇന്ന് നഷ്ടമായത്. തന്റെ കീഴിൽ ചെൽസിയിൽ കളിച്ച ലമ്പാർഡിനെതിരെ വിജയം നേടാനും അഞ്ചലോട്ടിക്കായി.
പ്രീമിയർ ലീഗിൽ 9 മത്സരങ്ങൾ തോൽവിയറിയാതെ കുതിച്ച ചെൽസിയെ പിടിച്ചു കെട്ടാൻ എവർട്ടണായി. മത്സരത്തിന്റെ ആദ്യ പകുതിയിൽ എവർട്ടൺ താരം ഡൊമിനിക് കാൽവെർട് ലെവിനെ ചെൽസി ഗോൾ കീപ്പർ മെൻഡി ഫൗൾ ചെയ്തതിന് എവർട്ടണ് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത സിഗേഴ്സൺ ഒരു പിഴവും കൂടാതെ എവർട്ടണ് ലീഡ് നേടികൊടുക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ മൂന്ന് സ്‌ട്രൈക്കർമാരെ അണിനിരത്തി ചെൽസി ഗോൾ നേടാനുള്ള ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത എവർട്ടൺ വിജയം സ്വന്തമാക്കുകയായിരുന്നു. ചെൽസിയുടെ രണ്ട് ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി.