ബേൺലിയും വീണു, എവർട്ടൺ കുതിപ്പ് തുടരുന്നു

Photo:Twitter/@PremierLeague

പ്രീമിയർ ലീഗിൽ എവർട്ടൺ കുതിപ്പ് തുടരുന്നു. ബേൺലിയെയാണ് എവർട്ടൺ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ മൂന്ന് മിനുറ്റിനിടെ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. ജയത്തോടെ അടുത്ത വർഷത്തെ യൂറോപ്പ ലീഗ് കളിക്കാമെന്ന എവർട്ടണിന്റെ പ്രതീക്ഷകൾക്ക് പുതു ജീവൻ നൽകി. ജയത്തോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് എത്തിയ എവർട്ടൺ ഏഴാം സ്ഥാനത്തുള്ള വോൾവ്‌സിനേക്കാൾ ഒരു പോയിന്റ് പിറകിലാണ്.

17ആം മിനുട്ടിൽ ബെൻ മീയുടെ സെൽഫ് ഗോളിലാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. തുടർന്ന് മൂന്ന് മിനുട്ടിനുള്ളിൽ കോൾമാൻ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ എവർട്ടണിന്റെ ആധിപത്യം ഉറപ്പിച്ചു. പ്രീമിയർ ലീഗ് എവർട്ടണിന്റെ അവസാന മത്സരത്തിൽ ലിവർപൂൾ ആണ് അവരുടെ എതിരാളികൾ.