പ്രീമിയർ ലീഗിൽ എവർട്ടന്റെ റിലഗേഷൻ ഭീഷണി ഒഴിയുന്നില്ല. ഇന്ന് അവർ വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടു. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വെസ്റ്റ് ഹാം വിജയിച്ചത്. തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും ലമ്പാർഡിന്റെ ടീം ചുവപ്പ് കാർഡ് വാങ്ങുന്നതും ഇന്ന് കാണാൻ ആയി. ഇന്ന് 32ആം മിനുട്ടിൽ ക്രെസ് വെലിന്റെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്കാണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 54ആം മിനുട്ടിൽ ഹോൾഗേറ്റിലൂടെ എവർട്ടൺ സമനില കണ്ടെത്തി. പക്ഷെ ബോവൻ 58ആം മിനുട്ടിൽ വെസ്റ്റ് ഹാമിന് ലീഡ് തിരികെ നൽകി. ഇതിനു പിന്നാലെ 65ആം മിനുട്ടിൽ മൈക്കിൾ കീൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ എവർട്ടന്റെ പോരാട്ടവും അവസാനിച്ചു. 31 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്താണ് ഉള്ളത്. എവർട്ടൺ 25 പോയിന്റുമായി പതിനേഴാം സ്ഥാനത്തും നിൽക്കുന്നു.