പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് എവർട്ടന് മികച്ച ജയം. 3-1 നാണ് ടോഫീസ് സ്വന്തം മൈതാനത്ത് ജയം സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സിഗേഴ്‌സൻ, നിയസ്സേ, ഡേവിഡ് എന്നിവരുടെ ഗോളുകളാണ് ബിഗ് സാമിന്റെ ടീമിന്റെ ജയം ഉറപ്പാക്കിയത്. 83 ആം മിനുട്ടിൽ മിലെവോയിച്ചിന്റെ പെനാൽറ്റി ഗോളിൽ പാലസ് ഒരു ഗോൾ മടക്കിയെങ്കിലും ഏറെ വൈകിയിരുന്നു. ജയത്തോടെ 34 പോയിന്റുള്ള എവർട്ടൻ ഒൻപതാം സ്ഥാനത്താണ്. 27 പോയിന്റുള്ള പാലസ് 14 ആം സ്ഥാനത്താണ്.
സ്വന്തം മൈതാനത്ത് ബേൺലിയെ ഏക ഗോളിന് മറികടന്ന് സ്വാൻസി കാർലോസ് കാർവഹാലിന് കീഴിലെ മികച്ച പ്രകടനം തുടരുന്നു. 81 ആം മിനുട്ടിൽ സങ് യുങ് കി നീട്ടിയ ഏക ഗോളാണ് സ്വാൻസിക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ 27 പോയിന്റുള്ള സ്വാൻസി 15 ആം സ്ഥാനത്താണ്. 36 പോയിന്റുള്ള ബേൺലി 7 ആം സ്ഥാനത്ത് തുടരും.
നാല് മത്സരങ്ങൾക്ക് ശേഷം വെസ്റ്റ് ഹാം വിജയ വഴിയിൽ തിരിച്ചെത്തി. ചെൽസിയെ തോൽപിച്ച ആത്മവിശ്വാസവുമായി എത്തിയ വാട്ട്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഹമ്മേഴ്‌സ് മറികടന്നത്. ചിച്ചാരിറ്റോ, അനാടോവിച് എന്നിവരാണ് മോയസിന്റെ ടീമിനായി ഗോളുകൾ നേടിയത്. ഇരു ടീമുകൾക്കും 30 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വിത്യാസത്തിന്റെ അടിസ്ഥാനത്തിൽ വാട്ട്ഫോർഡ് 11 ആം സ്ഥാനത്തും, വെസ്റ്റ് ഹാം 12 ആം സ്ഥാനത്തുമാണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സ്റ്റോക്ക് സിറ്റിയും ബ്രയ്ട്ടനും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ അവസാന മിനുട്ടിൽ സ്റ്റോക്കിന് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ചാർളി ആഡം അവസരം നഷ്ടപെടുത്തുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial