എറിക് ബയി 2024 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

20210426 194443

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയുടെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കി. 2024വരെയുള്ള പുതിയ കരാർ ആണ് താരം ഒപ്പുവെച്ചത്. അടുത്ത വർഷം ബയിയുടെ കരാർ അവസാനിക്കാൻ ഇരിക്കുകയായിരുന്നു‌. യുണൈറ്റഡിൽ ലിൻഡെലോഫിനും മഗ്വയറിനും പിറകിലാണ് ബയിയുടെ സ്ഥാനം. താരം ഫിറ്റ്നെസ് നിലനിർത്തുക ആണെങ്കിൽ ലിൻഡെലോഫിനെ മറികടന്ന് ആദ്യ ഇലവനിൽ എത്താൻ ബയിക്ക് ആകും.

എന്നാൽ ബയി പുതിയ കരാർ ഒപ്പുവെച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സെന്റർ ബാക്കിനെ സൈൻ ചെയ്യുമെന്നുള്ള പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. പരിക്ക് കാരണം ഈ സീസണിൽ കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല. ഐവറി കോസ്റ്റ് താരമായ ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്. കളിച്ചപ്പോൾ എല്ലാം പ്രതീക്ഷ നൽകിയിട്ടുണ്ട് എങ്കിലും പരിക്ക് താരത്തിന് എപ്പോഴും വില്ലനാകും. ഇപ്പോൾ കൊറോണ കാരണം അവസാന ഒരു മാസം താരം പുറത്തായിരുന്നു.