ചെൽസിക്കെതിരായ മത്സരത്തിൽ ടോട്ടൻഹാം താരം സോണിന് ചുവപ്പ് കാർഡ് നൽകിയതിനെതിരെ ക്ലബ് നൽകിയ അപ്പീൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തള്ളി. ചെൽസിക്കെതിരായ മത്സരത്തിൽ ചെൽസി താരം അന്റോണിയോ റുഡിഗറിനെ ചവിട്ടിയതിനാണ് സോണിന് ചുവപ്പ് കാർഡ് നൽകിയത്. VAR പരിശോധിച്ചതിന് ശേഷമാണ് താരത്തിന് ചുവപ്പ് കാർഡ് നൽകാൻ റഫറി തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിൽ തുടരെ തുടരെ മത്സരങ്ങളുള്ള ടോട്ടൻഹാമിന് സോണിന്റെ അഭാവം തിരിച്ചടിയാണ്.
ഇതോടെ പ്രീമിയർ ലീഗിലെ അടുത്ത മൂന്ന് മത്സരങ്ങളിൽ സോണിന് നഷ്ട്ടമാകും. ടോട്ടൻഹാമിന്റെ ബ്രൈറ്റൻ, നോർവിച്ച്, സൗത്താംപ്ടൺ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ സോണിന് നഷ്ട്ടമാകും. മത്സരത്തിൽ സോണിന് ചുവപ്പ് കാർഡ് നൽകിയതിനെ വിമർശിച്ച് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ രംഗത്ത് വന്നിരുന്നു. അതെ സമയം റുഡിഗാർക്കെതിരെ മൗറിഞ്ഞോ നടത്തിയ പരാമർശത്തിൽ തനിക്ക് നിരാശയുണ്ടെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡും പറഞ്ഞിരുന്നു.