എലാംഗ, ഗ്രീൻവുഡ്, റാഷ്ഫോർഡ്..‌ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ!!

അങ്ങനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് ബ്രെന്റ്ഫോർഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടുയത്. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന മൂന്ന് താരങ്ങളാണ് യുണൈറ്റഡിന്റെ മൂന്ന് ഗോളുകളും ഇന്ന് നേടിയത്.

ആസ്റ്റൺ വില്ലയ്ക്ക് എതിരെ രണ്ടാം പകുതിയിൽ കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ഇന്ന് ബ്രെന്റ്ഫോർഡിനെതിരെ ആദ്യ പകുതിയിൽ കണ്ടത്. ക്രിസ്റ്റ്യാനോ എത്തിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനമാണ് ഇന്ന് ആദ്യ പകുതിയിൽ നടത്തിയത്. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും യുണൈറ്റഡിനായില്ല. മറുവശത്ത് ആകട്ടെ ഡി ഹിയയുടെ രണ്ട് വലിയ സേവുകൾ വേണ്ടി വന്നു കളി 0-0 എന്ന് നിർത്താൻ.

രണ്ടാം പകുതി മാഞ്ചസ്റ്റർ യുണൈറ്റഡ് മെച്ചപ്പെട്ട രീതിയിൽ ആരംഭിച്ചു. 55ആം മിനുട്ടിൽ യുവതാരം എലാംഗ യുണൈറ്റഡിന് ലീഡ് നൽകി. മധ്യനിരയിൽ നിന്ന് ഫ്രെഡ് നൽകിയ പാസ് ഗംഭീര ഫസ്റ്റ് ടച്ചിൽ തന്റെ വരുതിയുലാക്കിയ സ്വീഡിഷ് താരം ഹെഡ് ചെയ്ത് രണ്ടാം ടച്ചിൽ പന്ത് വലയിൽ എത്തിച്ചു. എലാംഗയുടെ കരിയറിലെ രണ്ടാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.

ഇതിനു പിന്നാലെ 62ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ അറ്റാക്ക് ബ്രൂണോയിൽ എത്തുകയും ബ്രെന്റ്ഫോർഡ് ഡിഫൻസിനെ മറികടന്ന് സ്പ്രിന്റ് ചെയ്ത ബ്രൂണോ ഗോൾ മുഖത്ത് വെച്ച് പന്ത് ഗ്രീൻവുഡിന് കൈമാറുകയും ആയുരുന്നു. ഒരു ടാപിന്നിലൂടെ ഗ്രീൻവുഡ് ഗോൾ വല കണ്ടെത്തി.

ഇതിനു ശേഷം റൊണാൾഡോയെ പിൻവലിച്ച് മഗ്വയറിനെ ഇറക്കി കൊണ്ട് വിജയം ഉറപ്പിക്കാൻ പരിശീലകൻ ശ്രമം നടത്തി. റൊണാൾഡോ സബ്ബായി പോകേണ്ടി വന്നതിൽ രോഷം പ്രകടിപ്പിച്ചു എങ്കിലും യുണൈറ്റഡ് വിജയം ഉറപ്പിച്ചു. 77ആം മിനുട്ടിൽ മറ്റൊഉർ ബ്രൂണോ അസിസ്റ്റിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് ആണ് യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടിയത്.

85ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ടോണിയിലൂടെ ബ്രെന്റ്ഫോർഡ് ഒരു ഗോൾ മടക്കി. പക്ഷെ അത് ആശ്വാസം ഗോൾ മാത്രമായി ഒതുങ്ങി‌

ഈ ജയത്തോടെ യുണൈറ്റഡ് 35 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.