ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല വോൾവ്സിനെ പരാജയപ്പെടുത്തി. സംഭവബഹുലമായ മത്സരത്തിൽ 94ആം മിനുട്ടിലെ ഒരു പെനാൾട്ടി ആണ് വിധി നിർണയിച്ചത്. വോൾവ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ചുവപ്പ് കാർഡുകളും പിറന്നിരുന്നു. രണ്ടാം പകുതിയിൽ 85ആം മിനുട്ടിൽ ആസ്റ്റൺ വില്ല താരം ഡഗ്ലസ് ലൂയിസ് ആണാദ്യം ചുവപ്പ് കണ്ടത്. ലൂയിസിന്റെ ആസ്റ്റൺ വില്ല കരിയറിലെ ആദ്യ ചുവപ്പ് കാർഡാണിത്.
10 പേരുമായി കളിക്കുന്നതിനിടയിലാണ് ആസ്റ്റൺ വില്ലക്ക് ഒരു പെനാൾട്ടി ലഭിച്ചത്. മഗിൻ നേടിയ പെനാൾട്ടി എൽ ഗാസി ലക്ഷ്യം തെറ്റാതെ വലയിൽ എത്തിച്ചു. ഇതിനു പിന്നാലെ വോൾവ്സ് താരം മൗട്ടീനോ ചുവപ്പ് കണ്ട് പുറത്ത് പോയി. വോൾവ്സിന്റെ ലീഗിലെ തുടർച്ചയായ രണ്ടാം പരാജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോടും വോൾവ്സ് പരാജയപ്പെട്ടിരുന്നു. ലീഗിൽ 17 പോയിന്റുമായി 12ആം സ്ഥാനത്താണ് വോൾവ്സ് ഇപ്പോൾ ഉള്ളത്. 18 പോയിന്റുള്ള വില്ല എട്ടാം സ്ഥാനത്താണ്.