പരിക്ക് കൊണ്ട് വലയുന്ന ലിവർപൂളിന് വീണ്ടും വമ്പൻ തിരിച്ചടി. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ഡിയോഗോ ജോട്ടയുടെ പരിക്ക് ഗുരുതരമാണെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു. താരം ഏകദേശം 6 ആഴ്ച മുതൽ 8 ആഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് യർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ പരിക്കകൊണ്ട് വലയുന്ന ലിവർപൂളിന് ജോട്ടയുടെ പരിക്ക് വമ്പൻ തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ജോട്ടക്ക് പരിക്കേറ്റത്. തുടർന്ന് താരം ഇന്നലെ നടന്ന ഫുൾഹാമിനെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. അതെ സമയം താരത്തിന് ശസ്ത്രക്രിയ വേണ്ടിവരില്ലെന്ന് യർഗൻ ക്ലോപ്പ് അറിയിച്ചിട്ടുണ്ട്. ഈ സമ്മറിൽ വോൾവ്‌സിൽ നിന്ന് 45 മില്യൺ പൗണ്ട് മുടക്കിയാണ് ലിവർപൂൾ ജോട്ടയെ സ്വന്തമാക്കിയത്. ലിവർപൂളിന് വേണ്ടി ഈ സീസണിൽ 9 ഗോളുകളും ജോട്ട നേടിയിട്ടുണ്ട്.
നേരത്തെ തന്നെ പരിക്ക് മൂലം വാൻ ഡൈക്, ജോ ഗോമസ്, ജെയിംസ് മിൽനർ, തിയാഗോ അൽകാന്ററോ, ഷകീരി എന്നിവരെല്ലാം ലിവർപൂൾ ടീമിൽ നിന്ന് പുറത്താണ്.