മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാകണമെന്ന് ഡി ഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ തനിക്ക് ക്ലബിന്റെ ക്യാപ്റ്റനാകണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. പുതിയ കരാർ ഇതുവരെ യുണൈറ്റഡുമായി ഒപ്പുവെക്കാത്ത ഡി ഹിയ പക്ഷെ താൻ ക്ലബിൽ തുടരും എന്ന സൂചനയാണ് ക്യാപ്റ്റനാകണം എന്ന് പറഞ്ഞതിലൂടെ നൽകിയത്. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ പോകുന്ന ഒമ്പതാമത്തെ സീസണാണ്. ഇവിടെ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള താരമാണ് താനെന്ന് തനിക്ക് തന്നെ തോന്നുന്നു എന്നും ഡി ഹിയ പറഞ്ഞു.

മുമ്പ് കുറച്ച് മത്സരങ്ങളിൽ താൻ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. അതൊക്കെ അഭിമാന നിമിഷങ്ങളായിരുന്നു. ഇനിയും ഈ വലിയ ക്ലബിന്റെ ക്യാപ്റ്റനാകണമെന്ന് ആഗ്രഹം ഉണ്ടെന്നും ഡി ഹിയ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പുതിയ സീസണിൽ ആരു നയിക്കും എന്ന് ക്ലബ് ഇനിയും തീരുമാനിച്ചിട്ടില്ല. ആശ്ലി യങ്, പോൾ പോഗ്ബ എന്നിവർക്കാണ് ഇപ്പോഴും ക്യാപ്റ്റൻസിയിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.